1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2021

സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടി നല്‍കാന്‍ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗജന്യമായാണ് വിസ കാലാവധി നീട്ടിനല്‍കുകയെന്നത് മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടയില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിസ കാലാവധി നീട്ടാന്‍ പ്രത്യേകിച്ച് അപേക്ഷകളോ മറ്റ് നടപടികളോ ആവശ്യമില്ല. അവയുടെ സ്വമേധയാ നീട്ടുന്നതിന് നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ടൂറിസം മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. ഇവരുടെ ഇമെയിലുകളിലേക്ക് വിസ കാലാവധി നീട്ടിയതായുള്ള സന്ദേശം ലഭിക്കും. 2021 മാര്‍ച്ച് 21ന് മുമ്പ് ഇഷ്യൂ ചെയ്ത ടൂറിസ്റ്റ് വിസകളുടെ കാലാവധിയാണ് നീട്ടിയത്. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഇത് ബാധകമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യാത്രാ വിലക്കിന്റെ പശ്ചാത്തലത്തില്‍ നാടുകളില്‍ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയുടെയും (റെസിഡന്‍സി പെര്‍മിറ്റ്) എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസയുടെയും സന്ദര്‍ശക വിസയുടെയും കാലാവധി നീട്ടാന്‍ സൗദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) നേരത്തേ തീരുമാനം എടുത്തിരുന്നു. ഒന്നര വര്‍ഷത്തെ യാത്രാ വിലക്കിന് ശേഷം 2021 ആഗ്‌സ്ത് ഒന്നു മുതലാണ് സൗദി വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്.

നിലവില്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഇല്ലാതെ തന്നെ ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് വരാന്‍ അനുമതിയുണ്ട്. 72 മണിക്കൂറിനകം എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയോടെയാണിത്. വാക്‌സിനേഷന്‍ വിവരങ്ങള്‍ മുഖീം പോര്‍ട്ടലില്‍ (https://muqeem.sa/#/vaccine-registration/home) രജിസ്റ്റര്‍ ചെയ്യുകയും വേണം.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന തവക്കല്‍നാ ആപ് ഒരേ സമയം രണ്ടു ഫോണില്‍ പ്രവര്‍ത്തിക്കില്ല. വി.പി.എന്‍ ഉപയോഗിക്കുന്നവരുടെ ഫോണിലും ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കില്ലെന്ന് ആപ് ഡവലപ്പേഴ്‌സ് വ്യക്തമാക്കി. സൗദിയിലുള്ളവരുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങുന്ന ആപ്പാണ് തവക്കല്‍നാ.

അത്യാവശ്യ ഘട്ടങ്ങളില്‍ രണ്ടാമത്തെ ഫോണില്‍ തവക്കല്‍നാ ഉപയോഗിക്കാം. ഇതിനായി രജിസ്റ്റര്‍ ചെയ്ത ഫോണില്‍ വരുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിന് മുന്നോടിയായി ആദ്യത്തെ ഫോണില്‍ നിന്നും സൈന്‍ ഔട്ട് ചെയ്യണം. ഫോണ്‍ നമ്പറില്ലാതെ ഫോണിലും ഇത്തരത്തില്‍ തവക്കല്‍നാ ഉപയോഗിക്കാം.

എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ തവക്കല്‍നാ തുറക്കാനാകാതെ വന്നാല്‍ വീണ്ടും ഒ.ടി.പി ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ തന്നെ വേണം. ഇതോടൊപ്പം, വി.പി.എന്‍ ഉപയോഗിക്കുന്ന ഫോണുകളിലും ആപ് പ്രവര്‍ത്തനം നിര്‍ത്തും. ആപിലെ ഡാറ്റ ദുരുപയോഗം ചെയ്യാതിരിക്കാനാണ് വി.പി.എന്‍ ഉപയോഗിക്കുന്ന സമയത്ത് തവക്കല്‍നാ പ്രവര്‍ത്തിക്കാത്തത്.

സൗദിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വി.പി.എന്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അസ്വാഭാവികവും നിയമ വിരുദ്ധവുമായി വി.പി.എന്‍ ഉപയോഗിക്കുന്നവരില്‍ നിന്നും മൊബൈല്‍ സേവനദാതാക്കള്‍ വിവരങ്ങളെടുക്കാറുണ്ട്. നിയമവിരുദ്ധ നടപടി പൊലീസിലേക്ക് കൈമാറുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.