1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2021

സ്വന്തം ലേഖകൻ: സൗദിയിലെ 22 വിമാനത്താവളങ്ങളെയും ഹോർഡിങ് കമ്പനികളാക്കി സ്വകാര്യവൽക്കരണ പ്രക്രിയ അതിവേഗം പുരോഗമിക്കുകയാണെന്നു ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ മേധാവി അബ്ദുൽ അസീസ് അൽ ദുവൈലിജ് പറഞ്ഞു. അബ്ഹ വിമാനത്താവളത്തിൽ സാങ്കേതികവും സാമ്പത്തികവുമായ അന്തിമ പഠനങ്ങൾ പൂർത്തിയായി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് തായിഫ്, അൽഖസീം വിമാനത്താവളങ്ങളിലും ഇതു പ്രാവർത്തികമാക്കും. വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള നിയമനിർമാണവും നിയന്ത്രണവും അതോറിറ്റിയുടെ ചുമതലയായിരിക്കും. എന്നാൽ നിർമാണ, ഭരണനിർവഹണ ജോലികൾ കമ്പനിക്കു നൽകും. പിന്നീട് അവ പൊതു നിക്ഷേപക നിധിയിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.
എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടുവന്നു സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതികളുടെ കേന്ദ്ര ഉത്തേജകമാണ് പിഐഎഫ്. രാജ്യത്തിന്റെ വ്യോമയാന മേഖലയിൽ നിക്ഷേപം നടത്താനുള്ള കൂടുതൽ അഭ്യർഥനകളെക്കുറിച്ച് പഠിച്ചു വരികയാണ്.

പാമാധികാര സാമ്പത്തിക നിധി ഉയർത്തുക ലക്ഷ്യം വച്ചു വിമാനത്താവളങ്ങൾ, ചരക്ക്, കാറ്ററിങ്, അറ്റകുറ്റപ്പണി, ഗ്രൗണ്ട് സർവീസുകൾ എന്നിവയുൾപ്പെടെ സൗദി വ്യോമയാന മേഖലയിലെ നിക്ഷേപങ്ങൾ സ്വദേശികളും വിദേശികളുമായ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുമെന്ന് ദുവൈലജ് അറബ് പത്രങ്ങളോട് പറഞ്ഞു. 2030 ഓടെ 330 ദശലക്ഷം വിമാന യാത്രക്കാർക്ക് സേവനം നൽകാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.

ഇത് 2019 ൽ യാത്രചെയ്ത 100 ദശലക്ഷം യാത്രക്കാരുടെ മൂന്നിരട്ടിയിലധികം വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വലിയ വിമാനത്താവളങ്ങളായ റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിലവിലുള്ള മറ്റു വിമാനത്താവളങ്ങളുടെ വിപുലീകരണവും പദ്ധതിയിൽ ഉൾപ്പെടുന്നു. കൂടാതെ പുതിയ ദേശീയ വിമാനക്കമ്പനി സ്ഥാപിക്കാനും ലക്ഷ്യമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.