1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2021

സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജോലി നഷ്ടമായി സൗദിയില്‍ നിന്ന് നാടുകളിലേക്ക് തിരിച്ച പ്രവാസികള്‍ 571,000 ആണെന്ന് കണക്കുകള്‍. 2020 ജൂണിലും 2021 ജൂണിനുമിടയില്‍ പ്രവാസി ജനസംഖ്യയില്‍ 8.52 ശതമാനത്തിന്റെ കുറവാണുണ്ടായതെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2020 ജൂണ്‍ അവസാനത്തില്‍ സൗദിയിലെ പ്രവാസി ജീവനക്കാര്‍ 6.7 ദശലക്ഷമായിരുന്നത് 2021 ജൂണ്‍ അവസാനമായതോടെ 6.1 ദശലക്ഷമായി കുറഞ്ഞു. സ്വദേശികളിലും വിദേശികളിലുമായി പൊതു- സ്വകാര്യ സോഷ്യല്‍ ഇന്‍ഷൂറന്‍സ് സ്‌കീമുകളില്‍ ചേര്‍ന്നവരുടെ എണ്ണം 5.5 ശതമാനം കണ്ട് കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 8.7 ദശലക്ഷത്തില്‍ നിന്ന് 8.2 ദശലക്ഷമായാണ് വരിക്കാരുടെ എണ്ണം കുറഞ്ഞത്.

അതേസമയം, ഈ വര്‍ഷം രണ്ടാം പാദത്തില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ 6.4 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കി. 123,951 സൗദികളാണ് പുതുതായി തൊഴില്‍ കമ്പോളത്തിലെത്തിയത്. സാമൂഹിക ഇന്‍ഷൂറന്‍സ് സ്‌കീമുകളില്‍ വരിക്കാരായ സൗദികളുടെ എണ്ണവും ഈ കാലയളവില്‍ കൂടിയിട്ടുണ്ട്. നേരത്തേ 1.94 ദശലക്ഷമായിരുന്നത് 2.06 ദശലക്ഷമായാണ് വര്‍ധിച്ചത്.

എന്നാല്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ വിദേശികളിലെന്ന പോലെ സ്വദേശികളിലും സോഷ്യല്‍ ഇന്‍ഷൂറന്‍സ് വരിക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. സ്വദേശികളില്‍ 2.94 ശതമാനവും വിദേശികളില്‍ 3.12 ശതമാനവുമാണ് കുറഞ്ഞത്. മറ്റ് ഗള്‍ഫ് നാടുകളിലെന്ന പോലെ പ്രവാസികളുടെ തിരിച്ചുപോക്കിന് പ്രധാനം കാരണം കോവിഡ് മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തന്നെ.

പല സ്ഥാപനങ്ങളും നഷ്ടത്തിലായതിനെ തുടര്‍ന്ന് അടച്ചുപൂട്ടുകയോ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയോ ചെയ്തു. ചില സ്ഥാപനങ്ങള്‍ ജീവനക്കാരുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും കാര്യമായ കുറവ് വരുത്തി. ഇതോടെ ജോലി നഷ്ടമായവര്‍ നാടുവിടുന്ന സ്ഥിതിവന്നു. സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസികളാവട്ടെ കുടുംബങ്ങളെ നാട്ടിലേക്കയച്ച് ചെലവ് നിയന്ത്രിക്കാനുള്ള വഴികള്‍ തേടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.