1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2019

സ്വന്തം ലേഖകന്‍: ജീവനോടെ ഉണ്ടാകാനുള്ള സാധ്യതയില്ല! വിമാനയാത്രക്കിടെ കാണാതായ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം സാലെയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. വിമാനയാത്രക്കിടെ കാണാതായ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം എമിലിയാനൊ സാലെയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു.

ലഭിച്ച എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തില്‍ സാലെയും പൈലറ്റായിരുന്ന ഡേവിഡ് ഇബോട്‌സണും ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും അതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും ഗേര്‍ണെസി പോലീസ് വ്യക്തമാക്കി.
ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്നും ഗേര്‍ണെസി പോലീസ് ചൂണ്ടിക്കാട്ടി.

ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സാലെ സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സാലെ. കഴിഞ്ഞ ശനിയാഴ്ച്ചയാണ് റെക്കോഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്.

നാന്റെസില്‍ നിന്ന് വിമാനം പ്രാദേശിക സമയം തിങ്കളാഴ്ച്ച വൈകുന്നേരം 7.15നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ46 മാലിബു’ എന്ന ചെറുവിമാനമാണ് കാണാതായത്. ഇതില്‍ സാലെയെക്കൂടാതെ പൈലറ്റ് മാത്രമാണുണ്ടായിരുന്നത്.

വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും തകരാന്‍ പോകുകയാണെന്നും സൂചിപ്പിക്കുന്ന തരത്തിലുള്ളതാണ് സാലെ അയച്ച സന്ദേശം. പേടിയാകുന്നുവെന്നും തന്നെ കണ്ടെത്താന്‍ ആരെയെങ്കിലും അവര്‍ അയക്കുമോ എന്ന് അറിയില്ലെന്നും സന്ദേശത്തില്‍ സാലെ പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.