1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2018

സ്വന്തം ലേഖകന്‍: മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊല; കൊലയാളിയെ തിരിച്ചറിഞ്ഞു; പ്രധാന പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്. കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമസംഘത്തിലുണ്ടായിരുന്ന മുഹമ്മദ് എന്നയാളാണ് കൊലയാളിയെന്ന നിഗമനത്തിലാണ് പൊലീസ്. മുഹമ്മദ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കും മറ്റു പ്രതികള്‍ക്കുമായി തെരച്ചില്‍ ശക്തമാക്കി.

അതിനിടെ സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേരാണ് ഇവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത പനങ്ങാട് സ്വദേശി സെയ്ഫുദീന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

അഭിമന്യുവിന്റെ കൊലപാതകം ഗൂഢാലോചനയാണെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം. അഭിമന്യുവിനെ വട്ടവടയില്‍ നിന്നും വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് സഹോദരന്‍ ആരോപിച്ചു. പ്രതികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കലാലയരാഷ്ട്രീയത്തിന്റെ അവസാന ഇരയായിരിക്കണം തങ്ങളുടെ മകനെന്നും ഇനിയൊരിക്കലും ആര്‍ക്കും ഇത്തരമൊരു വിധി ഉണ്ടാകരുതെന്നും അഭിമന്യുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

കൊലപാതകം ഗൂഢാലോചനയാണെന്ന നിഗനമത്തിലാണ് പൊലീസും. കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് ഡിജിപി പറഞ്ഞു. കേസില്‍ യുഎപിഎ ചുമത്തണോ എന്നത് നിയമോപദേശത്തിന് ശേഷമേ തീരുമാനിക്കൂയെന്നും ഡിജിപി വ്യക്തമാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.