1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2018

സ്വന്തം ലേഖകന്‍: കഴിഞ്ഞത് കഴിഞ്ഞു; സമാധാന ചര്‍ച്ചകള്‍ തുടരണമെന്ന് ഇന്ത്യയോട് ഇമ്രാന്‍ ഖാന്‍; വലിയ സ്ഥാനത്തെത്തിയ ചെറിയ മനുഷ്യര്‍ എന്ന് പറഞ്ഞത് മോദിയെ ഉദ്ദേശിച്ചല്ലെന്നും വിശദീകരണം. സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ മുന്നോട്ടുവരണമെന്ന ആവശ്യവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും ഭൂതകാലത്തില്‍ തുടരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാധാനത്തിനായി ഒരു ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ മാത്രം നിലനില്‍ക്കില്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വരെ തങ്ങള്‍ കാത്തിരിക്കാം. പക്ഷെ അതിന് ശേഷം ഇന്ത്യ തീര്‍ച്ചയായും പ്രതികരിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് പാകിസ്താനില്‍ സ്വതന്ത്രനായി നടക്കുന്നതിനെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്കും ഇമ്രാന്‍ ഖാന്‍ മറുപടി നല്‍കി. ഹാഫിസ് സയിദിനെതിരെ യുഎന്‍ ഉപരോധമുണ്ട്. അത് നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ താനുണ്ടാക്കിയതല്ല. അത് കാലങ്ങളായി നടന്ന് തന്നിലേക്ക് വന്നുചേര്‍ന്നതാണ്. ഭീകരവാദത്തിന് പാക് മണ്ണ് ഉപയോഗിക്കാതിരിക്കുക എന്നത് തങ്ങളുടെ താത്പര്യംകൂടിയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നേരത്തെ കര്‍തര്‍പുര്‍ ഇടനാഴിയുടെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏക പ്രശ്‌നം കശ്മീര്‍ മാത്രമാണെന്ന് പറഞ്ഞിരുന്നു.

തന്റെ വിവാദമായ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചുള്ളതല്ലെന്ന് ഇമ്രാന്‍ പറഞ്ഞു. ചെറിയ മനുഷ്യര്‍ വലിയ സ്ഥാനങ്ങള്‍ കൈയടക്കിയിരിക്കുന്നു എന്നായിരുന്നു ഇമ്രാന്റെ ട്വീറ്റ്. ഇത് മോദിയെ ഉദ്ദേശിച്ചല്ലെന്നു ഇമ്രാന്‍ വ്യക്തമാക്കി. എന്നാല്‍ ആരെയാണ് ലക്ഷ്യംവച്ചതെന്നു അദ്ദേഹം വെളിപ്പെടുത്തയതുമില്ല. സമാധാനശ്രമങ്ങള്‍ക്കുള്ള അഭിപ്രായ ഐക്യം രൂപപ്പെടുമ്പോള്‍ ഇത്തരത്തിലുള്ള പിഴവുകള്‍ അതിനു ഭംഗംവരുത്തരുതെന്നും ഇമ്രാന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.