1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2019

സ്വന്തം ലേഖകന്‍: യുപിയില്‍ ചരിത്രം തിരുത്തി എസ്പി, ബിഎസ്പി മഹാസഖ്യം; സംസ്ഥാനം ഒറ്റക്ക് വെട്ടിപ്പിടിക്കാന്‍ കോണ്‍ഗ്രസ്; ഇത് അവസരവാദ കൂട്ടുകെട്ടെന്ന് ബിജെപി. യുപി രാഷ്ട്രീയത്തിലെ ആജന്മ ശത്രുക്കളായ എസ്പിയും ബിഎസ്പിയും ശത്രുത മറന്ന് സഖ്യം പ്രഖ്യാപിച്ചു. ഇതോടെ വാശിയേറിയ ചതുഷ്‌കോണ മത്സരത്തില്‍ നിന്ന് നേരിട്ടുള്ള മത്സരത്തിലേക്ക് യുപി രാഷ്ട്രീയം മാറുകയാണ്. ബിജെപിക്ക് നിലവിലുള്ളതിന്റെ പകുതി സീറ്റെങ്കിലും നഷ്ടമായേക്കാമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

ഈ സഖ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടേയും ഉറക്കം കെടുത്തുമെന്ന് സഖ്യപ്രഖ്യാപനത്തിനു ശേഷം മായാവതി പറഞ്ഞു. 37 വീതം സീറ്റുകളില്‍ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം. ഈ മാസം ആദ്യം നടന്ന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും സീറ്റ് സംബന്ധിച്ച ധാരണയില്‍ എത്തിയിരുന്നു. ഗോരഖ്പുര്‍ അടക്കം കഴിഞ്ഞ വര്‍ഷം നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞിരുന്നു. ഇതോടെയാണ് സഖ്യ ചര്‍ച്ചകള്‍ സജീവമായത്.

അതേസമയം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സാഹചര്യമാണുള്ളതെന്നും സാധ്യമായ സ്ഥലത്തെല്ലാം സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഉത്തര്‍പ്രദേശില്‍ ബി.എസ്പി എസ്പി സഖ്യമുണ്ടാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് മത്സരിക്കും. പാര്‍ട്ടിയുടെ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് പോരാടും. തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടും. എസ്.പി – ബി.എസ്.പി സഖ്യം തിരിച്ചടിയല്ല. അവര്‍ എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസിനോട് ആശയപൊരുത്തമുള്ള പാര്‍ട്ടികളാണെന്നും രാഹുല്‍ ദുബായില്‍ പറഞ്ഞു. കോണ്‍ഗ്രസ് മഹാസഖ്യത്തില്‍ ചേരാത്തതാണോ, അതോ ഒഴിവാക്കിയതാണോ എന്ന ചോദ്യവും ശക്തമാണ്.

യുപിയില്‍ ഏതാനും സീറ്റുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ഒരു ശക്തിയല്ല. അപ്പോഴും കോണ്‍ഗ്രസിന് പത്ത് ശതമാനത്തോളം വോട്ടുണ്ട് യുപിയില്‍(2014 ലില്‍ കിട്ടിയത് 7.5 ശതമാനം). നഗര വോട്ടര്‍മാരും മുന്നോക്കക്കാരുമാണ് കോണ്‍ഗ്രസിന്റെ ശേഷിക്കുന്ന വോട്ട് ബാങ്ക്. എസ്പിയുമായോ ബിഎസ്പിയുമായോ ചേര്‍ന്നാലും ഈ വോട്ട് ഒരിക്കലും ആ പാര്‍ട്ടികളിലേക്ക് പോകാറില്ല. കോണ്‍ഗ്രസില്ലെങ്കില്‍ ആ വോട്ട് ബിജെപിയിലേക്ക് പോകാറാണ് പതിവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് എസ്പിയുമായി ചേരാതിരുന്നെങ്കില്‍ എസ്പിക്കോ ബിഎസ്പിക്കോ പല സീറ്റും നില നിര്‍ത്താന്‍ കഴിഞ്ഞേനെ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ബിജെപിയുടെ മുന്നാക്ക വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുന്ന പദ്ധതി തയ്യാറാക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ അഖിലേഷിനോട് നിര്‍ദേശിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ബിജെപി വിരുദ്ധ മഹാസഖ്യത്തിന്റെ ഭാഗമാകാതെ തന്നെ ബിജെപിയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത് എന്നാണ് സൂചന.

എസ്.പി ബി.എസ്.പി സഖ്യം നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പ്രതികരിച്ചു. സഖ്യം, രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയല്ലെന്നും നിലനില്‍പ്പിനു വേണ്ടിയാണെന്നും ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥിരതയുള്ള സത്യസന്ധനായ നേതാവും നേതാവില്ലാത്ത അവസരവാദ കൂട്ടുകെട്ടും തമ്മിലാണെന്നും ബി.ജെ.പി പ്രമേയത്തില്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.