1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2021

സ്വന്തം ലേഖകൻ: വെബ് സീരീസായ സ്‌ക്വിഡ് ഗെയിമിന്റെ പകർപ്പ് രാജ്യത്ത് കൊണ്ടുവന്ന് വിതരണം ചെയ്തതിനെതിരെ നടപടിയുമായി ഉത്തരകൊറിയ. സീരീസിന്റെ പതിപ്പ് വിതരണം ചെയ്ത ഒരാളെ വധ ശിക്ഷയ്‌ക്ക് വിധിച്ചു. കൂടാതെ അനധികൃതമായി സ്‌ക്വിഡ് ഗെയിം കണ്ടതിന് ഒരു വിദ്യാർത്ഥിയെ ജീവപര്യന്തം തടവിനും ആറ് പേരെ അഞ്ച് വർഷത്തെ തടവിനുമാണ് ശിക്ഷിച്ചത്.

സംഭവത്തിൽ വീഴ്‌ച്ച വരുത്തിയെന്ന് ആരോപിച്ച് സ്‌കൂളിലെ അദ്ധ്യാപകരേയും ജീവനക്കാരേയും പുറത്താക്കുകയും ചെയ്തു. ശിക്ഷാ നടപടികളുടെ ഭാഗമായി ഇവരെ ഖനികളിലെ ജോലിയ്‌ക്ക് അയച്ചു. ചൈനയിൽ നിന്ന് സ്‌ക്വിഡ് ഗെയിമിന്റെ പകർപ്പ് വാങ്ങി ഉത്തരകൊറിയയിൽ എത്തിച്ച് വിതരണം ചെയ്തതിനാണ് മുഖ്യപ്രതിയ്‌ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയാകും വധശിക്ഷ നടപ്പാക്കുക.

പെൻഡ്രൈവുകളിലാക്കിയാണ് സീരീസ് കുട്ടികൾക്ക് വിതരണം ചെയ്തത്. കഴിഞ്ഞ ആഴ്‌ച്ചയാണ് ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥി മുഖ്യപ്രതിയിൽ നിന്നും സീരീസ് വാങ്ങിയത്. ഈ വിദ്യാർത്ഥി ക്ലാസിലെ ഒരു സുഹൃത്തിനൊപ്പം ഇരുന്ന് കാണുകയും അത് മറ്റുള്ളവർക്ക് വിതരണം ചെയ്യുകയുമായിരുന്നു. സംഭവത്തെ കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചതോടെ വിദ്യാർത്ഥകളെ കയ്യോടെ പിടികൂടി.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യാർത്ഥികളെ ക്രൂരമായ ചോദ്യം ചെയ്യലിന് വിധേയരാക്കുമെന്നാണ് വിവരം. കൊറോണ വ്യാപനം കണക്കിലെടുത്ത് ഉത്തര കൊറിയയുടെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നും സ്‌ക്വിഡ് ഗെയിം സീരീസ് രാജ്യത്തേക്ക് എത്തിയതെന്നും അധികൃതർ അന്വേഷിക്കും.

യു.എസ്, ദക്ഷിണകൊറിയ തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നുള്ള സിനിമകളും മറ്റും കാണുന്നതും കൈവശം വെയ്‌ക്കുന്നതും വിതരണം ചെയ്യുന്നതും ഉത്തരകൊറിയയിൽ കുറ്റകരമാണ്. വൈദേശിക സ്വാധീനം കുറയ്‌ക്കാൻ അടുത്തിടെ ഉത്തരകൊറിയയിൽ കൊണ്ടുവന്ന പുതിയ നിയമമാണിത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടാൽ വധശിക്ഷ വരെ ലഭിച്ചേക്കാം. ഈ നിയമമനുസരിച്ചാണ് വിദ്യാർത്ഥികളടക്കമുള്ളവരെ അധികൃതർ പിടികൂടിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.