1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2015

സ്വന്തം ലേഖകന്‍: സൗദിയിലെ ഷിയ വിഭാഗക്കാരുടെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. അല്‍ ഖദീഹ് പട്ടണത്തിലെ പള്ളിയിലാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ 70 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില വളരെ ഗുരുതരമാണ്. സംഭവസമയത്ത് 150 ഓളം പേര്‍ പള്ളിയിലുണ്ടായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഖാത്തിഫ് പ്രവിശ്യയിലെ അല്‍ ഖദീഹ് പട്ടണത്തിന്റെ ജനത്തിരക്കേറിയ ഭാഗത്താണ് ആക്രമണത്തിനിരയായ പള്ളി. പ്രാര്‍ഥന നടന്നുകൊണ്ടിരിക്കുമ്പോഴാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. കൂട്ടനിലവിളി ഉയരുകയും മൃതദേഹങ്ങള്‍ ചിന്നച്ചിതറുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലത്ത് ശരീരാവശിഷ്ടങ്ങള്‍ കിടക്കുന്നതും രക്തം തളംകെട്ടിയിരിക്കുന്നതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.

പള്ളിയുടെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകരുകയും ചുവരുകള്‍ക്ക് വിള്ളലുണ്ടാവുകയും ചെയ്തു. പരുക്കേറ്റവരെ ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. സംഭവ സ്ഥലം പൊലീസ് വളഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൂരിപക്ഷ രാജ്യമായ സൗദിയിലെ ഷിയാ പട്ടണമാണ് അല്‍ ഖദീഹ്.

അതേസമയം ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സൗദിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇത്തരത്തിലൊരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.