1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2020

സ്വന്തം ലേഖകൻ: സൂര്യ. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി സൂര്യയുടെ പിതാവ് നടന്‍ ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയാണ് അഗരം ഫൗണ്ടേഷന്‍. സൂര്യ മാത്രമല്ല സഹോദന്‍ കാര്‍ത്തിയും ഭാര്യ ജ്യോതികയും ഈ സംഘടനയുടെ സജീവ പ്രവര്‍ത്തകരാണ്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ അഗരം ഫൗണ്ടേഷന്റെ നേത്വത്തില്‍ പുസ്തക പ്രകാശനം നടന്നിരുന്നു. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയടക്കം എത്തിച്ചേര്‍ന്ന ചടങ്ങില്‍ സൂര്യ പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിച്ച് അധ്യാപികയായ ഗായത്രി പെണ്‍കുട്ടിയുടെ കഥ കേട്ടാണ് സൂര്യ വികാരാധീനനായത്. തമിഴ്‌നാട്ടിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്ന് വരുന്ന പിന്നോക്ക സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയാണിവര്‍.

ഗായത്രിയുടെ വാക്കുകള്‍:

“തഞ്ചാവൂരിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. എന്റെ അപ്പ കേരളത്തിലാണ് ജോലി ചെയ്തിരുന്നത്. വിറക് വെട്ടാനും കിണര്‍ കുഴിക്കാനും കല്ലുവെട്ടാനുമൊക്കെ പോകാറുണ്ട്. വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചിരുന്നത്. അമ്മയും കൂലിപ്പണിക്കാരിയായിരുന്നു. ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. സഹോദരന്‍ ഒന്‍പതാം ക്ലാസിലും.

അതിനിടയിലാണ് അപ്പയ്ക്ക് അര്‍ബുദം വന്നത്. പിന്നീട് എങ്ങിനെ ജീവിക്കണമെന്ന് ഞങ്ങള്‍ക്ക് നിശ്ചയമില്ലാതെയായി. പഠിച്ച് വലിയ നിലയില്‍ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അതൊന്നും ഇനി സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാ മോഹങ്ങളും കുഴിച്ചു മൂടി ഞാന്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ അമ്മ പറഞ്ഞു, അപ്പയുടെയും എന്റെയും ആഗ്രഹം നീ പഠിച്ച് വലിയവളാകണമെന്നാണ്.

എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നിന്നെ ഞാന്‍ പഠിപ്പിക്കും, പിച്ച എടുത്തിട്ടാണെങ്കില്‍ പോലും. അങ്ങനെയാണ് അമ്മ അഗരം ഫോണ്ടേഷന് കത്തെഴുതിയത്. വയ്യാതിരുന്നിട്ടും അപ്പയാണ് എല്ലാം കാര്യങ്ങളും അന്വേഷിച്ച് എന്നെ അവിടെ കൊണ്ടാക്കിയത്. ഇടയ്ക്കിടെ കാണാന്‍ വരാമെന്ന് പറഞ്ഞ് അപ്പ പോയി, പിന്നീട് ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ മരണ വാര്‍ത്തയാണ്.

ഞാന്‍ സമൂഹത്തിലെ പിന്നോക്ക വിഭാഗത്തില്‍ നിന്ന് വരുന്ന പെണ്‍കുട്ടിയാണ്. ഞങ്ങളെ ആരും പരിഗണിക്കുകയില്ല, ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ആരും തിരക്കാറുമില്ല. എന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് മര്യാദ നല്‍കിയത് അഗരമാണ്. ഭയമില്ലാതെ സംസാരിക്കാനും തല ഉയര്‍ത്തി നില്‍ക്കാനും എനിക്ക് സാധിച്ചു. ഇംഗ്ലീഷ് പഠിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അഗരത്തിന്റെ സഹായത്തോടെ ഞാന്‍ ബി.എ ഇംഗ്ലീഷിന് ചേര്‍ന്നു. ഇന്ന് ഞാന്‍ കേരളത്തില്‍ അധ്യാപികയാണ്,” കണ്ണീരോടെ ഗായത്രി പറഞ്ഞു.

ഗായത്രിയുടെ വാക്കുകള്‍ കേട്ട സൂര്യ സങ്കടം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞു. ഗായത്രിയെ ചേര്‍ന്ന് നിര്‍ത്തി അഭിനന്ദിച്ച സൂര്യ, ഈ പെണ്‍കുട്ടി എല്ലാവര്‍ക്കും പ്രചോദനമാണെന്നും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.