1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2020

സ്വന്തം ലേഖകൻ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് വെളിപ്പെടുത്തൽ. സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തിയ എയിംസ് സംഘത്തിലെ അംഗമായ ഡോ. സുധീർ ഗുപ്തയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്ന സംശയം പൂർണമായും ഇല്ലാതായെന്നും സുധീർ ഗുപ്ത പറഞ്ഞു.

സെപ്റ്റംബർ 29-നാണ് എയിംസിലെ ഡോക്ടർമാരുടെ സമിതി വിശദമായ റിപ്പോർട്ട് സി.ബി.ഐയ്ക്ക് സമർപ്പിച്ചത്. നേരത്തെ സുശാന്തിന്റെ പോസ്റ്റുമോർട്ടം നടത്തിയ കൂപ്പർ ആശുപത്രിയുടെ കണ്ടെത്തലുകൾക്ക് സമാനമായിരുന്നു എയിംസിലെ ഡോക്ടമാരുടെ റിപ്പോർട്ടും. ഇതോടൊപ്പെം സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റു ദുരൂഹതകളില്ലെന്നും റിപ്പോർട്ടിലുണ്ട്.

അതിനിടെ, സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ആവർത്തിച്ചു. സുശാന്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് 200 ശതമാനം ഉറപ്പാണെന്നും ചിത്രങ്ങൾ പരിശോധിച്ച എയിംസിലെ ഡോക്ടർ തന്നോട് ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അഭിഭാഷകനായ വികാസ് സിങ് പറഞ്ഞു.

എന്നാൽ വികാസ് സിങ്ങിന്റെ വാദങ്ങൾ തെറ്റാണെന്നായിരുന്നു ഡോ. സുധീർ ഗുപ്തയുടെ പ്രതികരണം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ചിത്രങ്ങളിൽ ചില അടയാളങ്ങളെ അടിസ്ഥാനമാക്കി കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് ഉറപ്പിക്കാനാവില്ല. ഇതിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും സുധീർ ഗുപ്ത പറഞ്ഞു.

നടന്റെ മരണം ആത്മഹത്യയാണെന്ന റിപ്പോർട്ട് ലഭിച്ചതോടെ ഇനി ഇക്കാര്യം കേന്ദ്രീകരിച്ചാകും സി.ബി.ഐ. അന്വേഷണം തുടരുകയെന്നാണ് സൂചന. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ എന്തെല്ലാമായിരുന്നുവെന്ന് സി.ബി.ഐ. സംഘം അന്വേഷിക്കും. അതേസമയം, കൊലപാതകമാണെന്നതിന് എന്തെങ്കിലും തെളിവുകൾ ലഭിച്ചാൽ കൊലപാതകക്കുറ്റം അടക്കം ചുമത്തുമെന്നും സി.ബി.ഐ. വൃത്തങ്ങൾ പറയുന്നു.

എന്നാൽ കേസ് ഏറ്റെടുത്ത് 57 ദിവസം പിന്നിട്ടിട്ടും ഇത്തരത്തിലുള്ള ഒരു തെളിവുകളും സി.ബി.ഐ.ക്ക് ലഭിച്ചിട്ടില്ല. അതിനാൽ നിലവിലെ ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഏജൻസി യുക്തിപരമായ നിഗമനത്തിലെത്തുമെന്നും സൂചനയുണ്ട്.

സുശാന്തിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം നടക്കുന്നതിനിടെയാണ് എയിംസിലെ ഡോക്ടർമാരുടെ സംഘവും വിശദമായ പരിശോധന നടത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ ഫൊറൻസിക് റിപ്പോർട്ടും എയിംസിലെ ഡോക്ടർമാർ വീണ്ടും വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിനൊപ്പം നടന്റെ ലാപ്ടോപ്പും ഹാർഡ് ഡിസ്ക്കുകളും ഫൊറൻസിക് ഏജൻസികളും പരിശോധിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.