1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2015

സ്വന്തം ലേഖകന്‍: സിറിയയില്‍ ജനക്കൂട്ടത്തിനു നേരെ സര്‍ക്കാര്‍ സേനയുടെ അതിക്രമം. പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സൈന്യം ഹെലികോപ്റ്ററില്‍ നിന്നു ബോംബിട്ടതിനെ തുടര്‍ന്ന് 71 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. അല്‍ ഖായിദയുടെ സിറിയയിലെ വിഭാഗമായ അല്‍ നുസ്‌റ ഫ്രണ്ട് ഇഡ്‌ലിബ് മേഖല പിടിച്ചതിനെ തുടര്‍ന്നാണ് അസദിന്റെ സൈന്യം ബോംബിട്ടത്.

അലപ്പോയ്ക്കു കിഴക്ക് അല്‍ ബാബ്, അല്‍ ഷാര്‍ നഗരങ്ങളിലായിരുന്നു സൈന്യത്തിന്റെ വ്യോമാക്രമണം. അല്‍ ബാബ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലാണ്. അല്‍ ബാബിലെ തിരക്കേറിയ ചന്തയിലാണ് ബോംബ് വീണതാണ് മരണസംഖ്യ കൂടാന്‍ കാരണം. ഇവിടെ മാത്രം 59 പേര്‍ മരിച്ചു. ഇന്നലെ രാവിലെ ചന്തയില്‍ നല്ല തിരക്കുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. മരിച്ചവരെല്ലാം പുരുഷന്മാരാണ്.

എണ്ണ വീപ്പകളില്‍ ബോംബ് നിറച്ച് ഹെലികോപ്റ്ററുകളില്‍ നിന്നു ജനക്കൂട്ടത്തിനു മേല്‍ ഇടുകയായിരുന്നു. അല്‍ ഷാറിലെ ആക്രമണത്തില്‍ 12 പേരാണു കൊല്ലപ്പെട്ടതെന്നു സിറിയയിലെ ആക്രമണങ്ങള്‍ നിരീക്ഷിക്കുന്ന ബ്രിട്ടിഷ് സംഘടനയുടെ ഡയറക്ടര്‍ റാമി അബ്ദെല്‍ റഹ്മാന്‍ പറഞ്ഞു. ഇവരില്‍ ഒരു കുടുംബത്തിലെ എട്ടു പേര്‍ ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ അല്‍ ഷാറിലെ തെരുവുകളില്‍ ചിതറിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബോംബുകളാണു വര്‍ഷിച്ചതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. സിറിയന്‍ സര്‍ക്കാര്‍ തന്നെ സ്വന്തം ജനങ്ങള്‍ക്കു നേരെ ബോംബിട്ടത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സാധാരണക്കാരാണ് കൂടുതലും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. ഇഡ്‌ലിബിലും സിറിയന്‍ സേന കഴിഞ്ഞ ദിവസം ബോംബ് ആക്രമണം നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.