1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2020

സ്വന്തം ലേഖകൻ: അമേരിക്കയില്‍ നിന്ന് പന്നിയിറച്ചി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ തായ്‌വാന്‍ പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യ പ്രതിപക്ഷമായ കുമിംഗ്താങ് (കെ.എം.ടി) പാര്‍ട്ടി അംഗങ്ങള്‍ സഭാനടപടികള്‍ തടസപ്പെടുത്തി. പന്നിയുടെ കുടല്‍മാലയും മറ്റും പ്രതിപക്ഷം ഭരണകക്ഷി അംഗങ്ങള്‍ക്ക് നേരെ വലിച്ചെറിഞ്ഞു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയായി.

അമേരിക്കയില്‍ നിന്നുള്ള പന്നിയിറച്ചി ജനുവരി ഒന്ന് മുതല്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുമെന്ന് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. റക്‌ടോപാമൈന്‍ അടങ്ങിയ പന്നിമാസം ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. ഈ പന്നിയിറച്ചി യൂറോപ്യന്‍ യൂണിയന്‍, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരോധിച്ചതാണ്. അതിനാല്‍തന്നെ ആരോഗ്യകാര്യങ്ങളിലെ ആശങ്ക ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

സര്‍ക്കാര്‍ നീക്കത്തിനെതിരേ ബാനറുകളും പ്ലക്കാര്‍ഡുകളും മറ്റും ഉയര്‍ത്തിയാണ് പ്രതിപക്ഷം വെള്ളിയാഴ്ച സഭയിലെത്തിയത്. പ്രീമിയര്‍ സു സെങ് ചാങ് സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ പന്നിയിറച്ചി വലിച്ചെറിയുകയായിരുന്നു. ഇതോടെയാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

സെപ്റ്റംബറില്‍ സഭ ചേര്‍ന്നപ്പോഴും പ്രീമിയര്‍ സു സെങ് ചാങിന്റെ അഭിസംബോധന പ്രതിപക്ഷം തടസപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച സഭയിലെത്തിയ സു സെങിന് ചുറ്റും ഭരണകക്ഷിയായ ഡൊമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തിയതോടെ സഭാനടപടികള്‍ വീണ്ടും തടസപ്പെട്ടു.

സര്‍ക്കാര്‍ തീരുമാനം ആരോഗ്യരംഗത്തിന് ഭീഷണിയാണെന്ന് കുമിംഗ്താങ് പാര്‍ട്ടി വ്യക്തമാക്കി. പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി, പ്രതിപക്ഷം യുക്തിസഹമായ ചര്‍ച്ചയിലേക്ക് മടങ്ങിവരണമെന്നും ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.