1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2021

സ്വന്തം ലേഖകൻ: താലിബാൻ സ്ഥാപക നേതാവും കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ്റെ ഇടക്കാല സർക്കാരിൽ പ്രതിരോധ മന്ത്രി. 1999ൽ ഇന്ത്യൻ എയർലൈൻസിൻ്റെ ഐസി – 814 വിമാനം റാഞ്ചിയ സംഭവത്തിൻ്റെ ആസൂത്രകനായി പ്രവർത്തിച്ച മുല്ല ഒമറിൻ്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ് ആണ് താലിബാൻ സർക്കാരിലെ പ്രതിരോധ മന്ത്രി.

ഐക്യരാഷ്ട്രസഭയുടെ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഇടം പിടിച്ച നിരവധി തീവ്രവാദികൾ അഫ്ഗനിസ്ഥാനിലെ താലിബാൻ സർക്കാരിൽ ഇടം നേടിയെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഇടം നേടിയ സിറാജുദ്ദീൻ ഹഖാനി, മുല്ല ഹസൻ അഖുണ്ട് എന്നിവർ താലിബാൻ സർക്കാരിൽ അംഗങ്ങളായി. പാകിസ്ഥാൻ സർക്കാരിൻ്റെയും അവരുടെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുടെ പിന്തുണയോടെയുമാണ് ഇവർ മന്ത്രിസഭയിലേക്ക് എത്തിയത്.

പാകിസ്ഥാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെ പിന്തുണയോടെ ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന തീവ്രവാദികളെ മോചിപ്പിക്കാൻ പദ്ധതിയിട്ടാണ് ഇന്ത്യൻ എയർ ലൈൻസ് വിമാനം തീവ്രവാദികൾ റാഞ്ചിയത്. വിമാനത്തിലെ 176 യാത്രക്കാരെ ഇതിനായി ഏഴ് ദിവസത്തോളം ബന്ദികളാക്കി വിലപേശുകയും ചെയ്തു. കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന വിമാനം അഞ്ച് ഭീകരൻ ഹൈജാക്ക് ചെയ്ത് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ട് പോകുകയായിരുന്നു.

അഫ്ഗാൻ സൈന്യത്തെ കീഴടക്കി മൂന്ന് ആഴ്ച പിന്നിടുമ്പോഴാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.
അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതോടെ ഐഎസ്ഐ മേധാവി ലഫ്. ജനറൽ ഫൈസ് ഹമീദ് പലതവണ അഫാഗാനിസ്ഥാൻ എത്തിയിരുന്നു. താലിബാൻ്റെ നിയന്ത്രണത്തിലുള്ള സർക്കാർ രൂപീകരണത്തിൽ ഇടപെടൽ നടത്താനാണ് ഫൈസ് ഹമീദ് അപ്ഗാനിസ്ഥാനിൽ എത്തിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അഫ്ഗാൻ്റെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും അഫ്ഗാനിസ്ഥാനിലെ ദേശീയ പ്രതിരോധ സേനയുടെ ശക്തികേന്ദ്രമായ പഞ്ച്ഷീർ പ്രവശ്യയിൽ കടക്കാൻ താലിബാന് കഴിഞ്ഞിരുന്നില്ല. പ്രദേശം കീഴടക്കാൻ ദിവസങ്ങൾ നീണ്ട ശ്രമങ്ങൾ നടത്തിയെങ്കിലും വൻ നഷ്ടമാണ് താലിബാന് സംഭവിച്ചത്. ഇതോടെ പഞ്ച്ഷീറിൽ വ്യോമാക്രമണം നടത്തിയ പാക് സൈന്യം പ്രദേശം പിടിച്ചെടുക്കാൻ താലിബാന് സഹായം ചെയ്തു നൽകുകയായിരുന്നു.

താലിബാൻ സർക്കാരിൻ ഇടം പിടിച്ചവരിൽ ഭൂരിഭാഗം പേരും ഐക്യരാഷ്ട്രസഭയുടെ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഇടം പിടിച്ചവരോ യുഎസിൻ്റെ നിരീക്ഷണപ്പട്ടികയിൽ ഉള്ളവരുമാണ്. യാതൊരു തരത്തിലുമുള്ള അടുക്കും ചിട്ടയും ഇല്ലാത്ത താലിബാൻ തീവ്രവാദികൾക്ക് ഇൻ്റലിജൻസ് വിവരങ്ങളും സൈനിക ഉപദേശങ്ങളും കൃത്യമായി ലഭിക്കുന്നത് പാക് സൈന്യത്തിൻ്റെ പിന്തുണയോടെയാണ് എന്നാണ് റിപ്പോർട്ടുകൾ.

അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം ഏറ്റെടുത്തതിന് താലിബാൻ്റെ നിലവിലെ നേതാവ് ഷെയ്ഖ് ഹൈത്തുല്ല അഖുന്ദ്സാദ പരമോന്നത നേതാവായി തുടരുമെന്ന് വ്യക്തമായിരുന്നു. മുല്ല ഹസൻ അഖുദ് ഇടക്കാല സർക്കാരിലെ പ്രധാനമന്ത്രിയുമായി. കൂടുതൽ തർക്കങ്ങൾ ഇല്ലാതെയാണ് ഇക്കാര്യങ്ങളിൽ തീരുമാനമായത്. എന്നാൽ മന്ത്രിസഭയിലടക്കം അധികാരം പങ്കിടുന്നതിൽ താലിബാനിൽ ശക്തമായ തർക്കം നിലനിന്നിരുന്നതായി ആരോപണമുണ്ടായിരുന്നു.

അതേസമയം അഫ്ഗാനിസ്താനിലെ താലിബാൻ ഭരണം ആശങ്കയോടെയാണ് ലോക രാജ്യങ്ങൾ നോക്കിക്കാണുന്നത്. പ്രധാനമായും ആശങ്കപ്പെടുത്തുന്ന കാര്യം അഫ്ഗാനിലെ അമേരിക്കൻ ആയുധ ശേഖരണങ്ങൾ തന്നെയാണ്. അഫ്ഗാൻ സൈന്യത്തിന് അമേരിക്ക നൽകിയ നിരവധി ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്റ്ററുകളും താലിബാൻ പിടിച്ചെടുത്തിരുന്നു. ഇത് ലോകത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.

അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടു പോകുന്നതിന് മുമ്പ് നിരവധി ആയുധങ്ങളും വാഹനങ്ങളും യുദ്ധ സാമഗ്രികളും നിർവീര്യമാക്കിയിരുന്നു. എന്നാൽ വിവിധ പ്രവിശ്യകളിൽ നിന്ന് താലിബാൻ പിടിച്ചെടുത്ത ആയുധങ്ങൾ, ഹംവീസ്, ബ്ലാക്ക് ഹോക്സ് തുടങ്ങിയവ ഇപ്പോൾ താലിബാന്റെ കൈയിലുള്ളതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. താലിബാൻ പിടിച്ചെടുത്ത ബ്ലാക് ഹോക്സ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.

അമേരിക്കൻ സേന ഉപേക്ഷിച്ചു പോയ ആയുധങ്ങളും സൈനിക ഉപകരണങ്ങളും പാകിസ്താന്റെ സഹായത്തോടെ താലിബാൻ പുനർ നിർമ്മിച്ചേക്കും എന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. ഇത്തരത്തിൽ പുനരുപയോഗ സാധ്യമാക്കിയാൽ അത് ഏഷ്യയിൽ ആയുധങ്ങളുടെ വ്യാപനത്തിന് കാരണമാകുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കൻ സൈന്യം കാബൂളിൽ നിന്ന് പോകുമ്പോൾ നിരവധി സൈനിക ഉപകരണങ്ങൾ നിർവീര്യമാക്കുക മാത്രമായിരുന്നു ചെയ്തത്. അവിഷ്ടങ്ങൾ അഫ്ഗാനിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇത്തരത്തിൽ ഉപേക്ഷിച്ച സൈനിക ഉപകരണങ്ങൾ പാക് സഹായത്തോടെ പുനർ നിർമ്മിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.