1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2021

സ്വന്തം ലേഖകൻ: താലിബാന്‍ ഭീകരര്‍ ഒരു സൈന്യമല്ല, സാധാരണ മനുഷ്യരാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ലക്ഷങ്ങളോളം അഭയാര്‍ത്ഥികള്‍ ഉണ്ടാവുമ്പോള്‍ എങ്ങനെയാണ് താലിബാനെ വേട്ടയാടാന്‍ പാകിസ്ഥാന് കഴിയുകയെന്നും ഇമ്രാന്‍ ഖാന്‍ ചോദിച്ചു. ചൊവ്വാഴ്ച പി.ബി.എസ്. ന്യൂസ് അവറിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ഖാന്റെ പ്രതികരണം.

“ഇപ്പോള്‍, അഞ്ച് ലക്ഷവും, ഒരു ലക്ഷവുമൊക്കെ ആളുകള്‍ വരുന്ന ക്യാംപുകളുണ്ട് അവിടെ. മാത്രമല്ല, താലിബാന്‍ ഒരു സൈന്യമൊന്നുമല്ല, അവര്‍ സാധാരണ മനുഷ്യരാണ്. ഈ ക്യാംപുകളില്‍ ഈ മനുഷ്യരുമുണ്ടെങ്കിലോ? പാകിസ്ഥാന് പിന്നെ എങ്ങനെയാണ് ഇവരെ വേട്ടയാടാനാവുക? നിങ്ങള്‍ക്ക് പിന്നെ പാകിസ്ഥാനെ ഒരു അഭയസ്ഥാനം എന്ന് വിളിക്കാനാകുമോ?,“ ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

താലിബാന്‍ ഭീകര്‍ക്ക് പാകിസ്ഥാന്‍ ഒരു സുരക്ഷിത താവളമായി മാറുകയാണോ എന്ന ചോദ്യത്തിനും സമാനമായ മറുപടിയാണ് ഇമ്രാന്‍ ഖാന്‍ നല്‍കിയത്. താലിബാന്‍ ഗ്രൂപ്പിന്റെ അതേ വംശത്തില്‍പ്പെട്ട ഏകദേശം 30 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ പാകിസ്ഥാനിൽ ഉണ്ടെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. പഷ്തൂണ്‍ വംശത്തില്‍പ്പെട്ടവരാണ് പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍. താലിബാന്‍കാരും ഇതേ വംശത്തില്‍പ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ താലിബാന് പാകിസ്ഥാന്‍ സാമ്പത്തികമായും നയതന്ത്രപരമായും സഹായങ്ങള്‍ ചെയ്തു നല്‍കുന്നുവെന്ന ആരോപണങ്ങള്‍ നേരത്തെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ശരിയായ ആരോപണങ്ങളല്ലെന്നാണ് പ്രധാനമന്ത്രിയുടെ വാദം. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ ആയിരക്കണക്കിന് പാകിസ്ഥാനികള്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും എന്നാല്‍ 2001 സെപ്തംബര്‍ 11 ന് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതില്‍ പാകിസ്ഥാന് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.