1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2018

സ്വന്തം ലേഖകന്‍: ഗതാഗതക്കുരുക്ക് കാരണം എത്താന്‍ വൈകി; വിമാനം അതിന്റെ പാട്ടിന് പോയി; എന്നാല്‍ ഇന്തോനേഷ്യന്‍ ഉദ്യോഗസ്ഥന് തിരികെ കിട്ടിയത് സ്വന്തം ജീവന്‍. 189 യാത്രക്കാരുമായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ പതിച്ച ലയണ്‍ എയറിന്റെ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന സോണി സെഷ്യാവന്‍ എന്നയാളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതോര്‍ത്ത് തരിച്ചിരിക്കുന്നത്.

ഇന്‍ഡൊനീഷ്യ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സോണി സ്ഥിരമായി യാത്ര ചെയ്യുന്നത് ലയണ്‍ എയറിന്റെ ജെ ടി 610 എന്ന വിമാനത്തിലാണ്. ആഴ്ചയിലൊരിക്കല്‍ ഔദ്യോഗികാവശ്യത്തിനായി വിമാനയാത്ര നടത്തേണ്ടി വരുന്ന താനും സുഹൃത്തുക്കളും ഇതേ വിമാനമാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തിരുന്നതെന്ന് സോണി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

പുലര്‍ച്ചെ മൂന്നുമണിക്കു തന്നെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സോണി മൂന്നുമണിക്കൂറിലധികം സമയം റോഡില്‍ കുടുങ്ങി 6.20നാണ് അവിടെയെത്തിയത്. അപ്പോഴേക്കും വിമാനം പുറപ്പെട്ടുകഴിഞ്ഞിരുന്നു. സോണിയുടെ ഭാഗ്യമാണ് ഇത്തരത്തിലൊരു രക്ഷപ്പെടലെന്നാണ് എല്ലാവരുടേയും അഭിപ്രായം.

എന്നാല്‍ ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആനന്ദത്തോടൊപ്പം തന്നോടൊപ്പം സ്ഥിരമായി യാത്ര ചെയ്യാറുള്ള ആറു സുഹൃത്തുക്കള്‍ അപകടത്തില്‍ പെട്ടതിന്റെ വിഷമത്തിലാണ് സോണി. അപകടവാര്‍ത്തയറിഞ്ഞ് താനാദ്യം കരയുകയാണ് ചെയ്തതെന്ന് സോണി ഓര്‍മിച്ചു. പ്രിയപ്പെട്ടവര്‍ ആ വിമാനത്തിലുണ്ടെന്നോര്‍ത്തായിരുന്നു സങ്കടം.

തൊട്ടടുത്ത വിമാനത്തില്‍ പങ്കല്‍ പിനാങ്കില്‍ എത്തിയ ശേഷമാണ് സോണി വിമാനം തകര്‍ന്നു വീണ വിവരം അറിഞ്ഞത്. അപകട വാര്‍ത്തയറിഞ്ഞ് വിഷമിച്ച വീട്ടുകാരെ സോണി ഉടന്‍ തന്നെ നേരിട്ടു വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.