സ്വന്തം ലേഖകന്‍: തിരുവനന്തപുരത്തു നിന്ന് കൊച്ചിക്ക് കപ്പല്‍, ടിക്കറ്റ് 700 രൂപ. നാലു മണിക്കൂറാണ് യാത്രാ സമയം. കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 700 മുതല്‍ 800 രൂപവരെ ആയിരിക്കും യാത്രാക്കൂലി. യാത്രാ സമയമാകട്ടെ മൂന്നര മണിക്കൂര്‍.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് യാത്രാക്കപ്പല്‍ സര്‍വീസ് നടത്താന്‍ തുറമുഖ വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചു. ആദ്യഘട്ടത്തില്‍ കൊച്ചി, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പാതകളിലാണ് സര്‍വീസ് ആരംഭിക്കുന്നതെന്നു തുറമുഖ വകുപ്പ് ഡയറക്ടര്‍ പി.ഐ. ഷേക് പരിത് പറഞ്ഞു.
തുടക്കത്തില്‍ പ്രതിദിനം ഒരു സര്‍വീസാണു ലക്ഷ്യമിടുന്നത്. 75 മുതല്‍ 100 വരെ യാത്രക്കാര്‍ക്കു സ!ഞ്ചരിക്കാനാകും. 50 കിലോമീറ്ററായിരിക്കും വേഗം. തീരത്തു നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെക്കൂടിയാണ് സര്‍വീസ്. കരാ!ര്‍ ഏറ്റെടുക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതും പരിഗണനയിലാണ്. വിവിധ രാജ്യാന്തര കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
കൊല്ലത്തു നിന്നു ലക്ഷദ്വീപിലേക്കു യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ശ്രമവും തുടരുകയാണ്. ഖദീജ, ഹംസത്ത് എന്നീ കപ്പലുകള്‍ വാടകയ്ക്കു നല്‍കാമെന്ന് ലക്ഷദ്വീപ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ കപ്പലുകള്‍ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ലക്ഷദ്വീപ് സര്‍ക്കാര്‍ തന്നെ സര്‍വീസ് നടത്തണമെന്നാണ് കേരളത്തിന്റെ നിലപാട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല