1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2017

സ്വന്തം ലേഖകന്‍: ഇറാന്‍ ഭീകരരെ സഹായിക്കുന്നത് നിര്‍ത്തണമെന്ന മുന്നറിയിപ്പുമായി ട്രംപ് ഇസ്രായേലില്‍, ട്രംപ് സൗദിയില്‍ പോയത് എണ്ണ ഊറ്റാനെന്ന് ഇറാന്‍. ഭീകരര്‍ക്കുള്ള സാന്പത്തിക, സൈനിക സഹായം നിര്‍ത്താന്‍ ഇറാനോടു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അണ്വായുധം നിര്‍മിക്കാനും കൈവശം വയ്ക്കാനും ഒരിക്കലും ഇറാനെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു.

രണ്ടുദിവസത്തെ ഇസ്രേലി സന്ദര്‍ശനത്തിനെത്തിയ ട്രംപ് പ്രസിഡന്റ് റിവ്‌ലിന്റെ ജറുസലമിലെ വസതിയില്‍ റിപ്പോര്‍ട്ടര്‍മാരുമായി സംസാരിക്കുകയായിരുന്നു. സൗദി അറേബ്യയില്‍ മുസ്‌ലിം രാജ്യങ്ങളുടെ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിലും ഇറാനെതിരേ ട്രംപ് ആഞ്ഞടിച്ചിരുന്നു. സിറിയയിലെ അസാദ് ഭരണകൂടത്തിനും യെമനിലെ ഹൗതികള്‍ക്കും ലബനനിലെ ഹിസ്ബുള്ളകള്‍ക്കും ഇറാന്റെ സഹായമുണ്ട്.

പശ്ചിമേഷ്യയില്‍ നാശവും അരാജകത്വവും വിതയ്ക്കുന്നത് ഇറാനാണെന്നും ട്രംപ് റിയാദിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഭീകരതയെ ചെറുക്കാനും തീവ്രവാദത്തിന്റെ വ്യാപനം തടയാനും മുസ്‌ലിം നേതാക്കള്‍ സന്നദ്ധത പ്രകടിപ്പിച്ചെന്നു ട്രംപ് ജറുസലമില്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് എതിരേ അറബി രാജ്യങ്ങളും ഇസ്രയേലും യോജിച്ചു പ്രവര്‍ത്തിക്കണമെന്ന ധാരണ ശക്തി പ്രാപിച്ചിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇന്നലെ ജറുസലമിലെ തിരുക്കല്ലറ ദേവാലയവും യഹൂദരുടെ പുണ്യസങ്കേതമായ വിലാപത്തിന്റെ മതിലും ട്രംപും സംഘവും സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നെതന്യാഹൂവുമായും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ട്രംപിന്റെ വരവിനു മുന്പായി പലസ്തീന് ഇസ്രയേല്‍ ഏതാനും സാന്പത്തിക, വികസന സൗജന്യങ്ങള്‍ അനുവദിക്കുകയുണ്ടായി.

അതേസമയം സൗദി സന്ദര്‍ശനത്തിനിടെ വിവിധ മേഖലകളിലായി നിരവധി കരാറുകളിലെത്തിയ ട്രംപ് ആതിഥേയ രാജ്യത്തിന്റെ 48,000 കോടി ഡോളര്‍ ഊറ്റിയെടുക്കാനാണോ അതല്ല, ഇറാനില്‍ ഹസന്‍ റൂഹാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണോ എത്തിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് സരീഫ് ട്വിറ്ററില്‍ ചോദിച്ചു. വീണ്ടുമൊരു സെപ്റ്റംബര്‍ ആക്രമണം എങ്ങനെ ഒഴിവാക്കാം എന്നതുകൂടി ചര്‍ച്ചയുടെ ഭാഗമാക്കണമെന്നും സരീഫ് പറഞ്ഞു. മിസൈല്‍ പരീക്ഷണം ആവശ്യമെന്നു കണ്ടാല്‍ ഇനിയും തുടരുമെന്നും അതിന് യു.എന്‍ അനുമതി ആവശ്യമില്ലെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.