1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2015

സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് തൂക്കു മുന്നണി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം. തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ എകെ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇതുവരേയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിലാണ് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് തൂക്കു മുന്നണി സര്‍ക്കാരിന് രൂപം നല്‍കാനുള്ള നീക്കം നടക്കുന്നത്. തനിച്ച് ഭൂരിപക്ഷം നേടാനാകാത്തതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ ആരെയെങ്കിലും കൂടെ നിര്‍ത്താന്‍ എകെ പാര്‍ട്ടി ശ്രമിച്ചിരുന്നെങ്കിലും ഇതുവരെ ആരും സഹകരിക്കാന്‍ തയ്യാറായിട്ടില്ല.

നാലാം തവണയും ഭരണത്തിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ഫലം വന്നപ്പോള്‍ 41 ശതമാനം വോട്ടുമാത്രമാണ് എകെ പാര്‍ട്ടിക്ക് ലഭിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളും കുര്‍ദ് അനുകൂല പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൊയ്യുകയും ചെയ്തു.

എന്നാല്‍ സഹകരിക്കാന്‍ തയ്യാറാകുന്നവരുമായി ചേര്‍ന്ന് സര്‍ക്കാരിന് രൂപം നല്‍കാന്‍ എകെ പാര്‍ട്ടി ശ്രമം ആരംഭിച്ചിരുന്നു. ഈ പ്രതീക്ഷ തുടക്കം മുതല്‍ എകെ പാര്‍ട്ടി നേതാവ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഭരണകക്ഷിയുമായി സഖ്യസര്‍ക്കാരുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു.

കൂടാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യവും സജീവ ചര്‍ച്ചയിലാണ്. എന്നാല്‍ സര്‍ക്കാറുണ്ടാക്കാനുള്ള ഇരു കൂട്ടരുടെയും ശ്രമങ്ങള്‍ക്ക് നിലവിലെ സാഹചര്യം വെല്ലുവിളിയാകുകയാണ്.
പ്രധാന പാര്‍ട്ടികളെ കൂടെ നിര്‍ത്താനാകാതെ എകെ പാര്‍ട്ടിയും പ്രതിപക്ഷ പാര്‍ട്ടികളെ ഒറ്റക്കെട്ടാക്കാന്‍ കഴിയാതെ പ്രതിപക്ഷവും വിഷമവൃത്തത്തിലാണ്.

ഫലം വന്ന് 45 ദിവസത്തിനകം സര്‍ക്കാറുണ്ടാക്കാനായില്ലെങ്കില്‍ തുര്‍ക്കി വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.