1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2020

സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങൾവഴി മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ യു.എ.ഇ. കൂടുതൽ കടുപ്പിച്ചു. അപകീർത്തിപ്പെടുത്തുന്നതരം കമന്റുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്ക് തടവുശിക്ഷയോ, കനത്ത പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ലഭിക്കുമെന്ന് യു.എ.ഇ. പ്രോസിക്യൂട്ടർമാർ മുന്നറിയിപ്പ് നൽകി.

250,000 ദിർഹം മുതൽ 500,000 ദിർഹം വരെയായിരിക്കും പിഴ. അധിക്ഷേപ സന്ദേശങ്ങൾ അയക്കുന്നവർക്കും പിഴ ബാധകമാണ്. 2020-ലെ അഞ്ചാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 20 പ്രകാരം ഒരു വ്യക്തി ഇന്റർനെറ്റ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വിവരസാങ്കേതിക വിദ്യയുപയോഗിച്ച് ഇത്തരം നിയമവിരുദ്ധപ്രവൃത്തികൾ ചെയ്താൽ അത് സൈബർ കുറ്റകൃത്യപരിധിയിൽ വരും.

സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്തകേസുകൾ 2019-ൽ ഗണ്യമായി വർധിച്ചിരുന്നുവെന്ന് അബുദാബി പബ്ലിക് പ്രോസിക്യൂട്ടർമാർ റിപ്പോർട്ട് ചെയ്തിരുന്നു. 2018-ൽ 357 ആയിരുന്ന സോഷ്യൽ മീഡിയ നിയമലംഘനങ്ങൾ 2019 ലെത്തിയപ്പോഴേക്കും 512 ആയി ഉയർന്നു. 2017-ൽ 392 കേസുകളും രജിസ്റ്റർചെയ്തിട്ടുണ്ട്.

ഓൺലൈൻവഴിയുള്ള ശല്യം ചെയ്യൽ, തട്ടിപ്പ്, ഭീഷണി, ബ്ലാക്ക് മെയിൽ, തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും ചെയ്യുക, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, അധിക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ കമന്റുകൾ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക, വ്യാജപരസ്യങ്ങൾ, അഭ്യൂഹങ്ങൾ എന്നിവ പ്രചരിപ്പിക്കുക, മറ്റുള്ളവരെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുക, അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമെടുക്കുക, അവ പോസ്റ്റ് ചെയ്യുക എന്നിവയെല്ലാം പ്രധാനപ്പെട്ട സാമൂഹിക മാധ്യമ നിയമലംഘനങ്ങളിൽ ഉൾപ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.