
സ്വന്തം ലേഖകൻ: യു.എ.ഇയിലേക്ക് പറന്നിറങ്ങുന്ന യാത്രക്കാർ ആരും തന്നെ അജ്ഞാതരുടെ ലഗേജുകൾ വഹിക്കരുതെന്ന് യു.എ.ഇ ഫെഡറൽ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ) നിർദേശിക്കുന്നു. ലഗേജിൽ അടങ്ങിയിരിക്കുന്ന സാമഗ്രികൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാതെ അവ വഹിച്ചാൽ വലിയ കുഴപ്പത്തിലേക്കാണ് നീങ്ങുകയെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
സുരക്ഷിതവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുന്നതിനായി യാത്രക്കാർക്ക് നൽകിയ വിപുലമായ നിർദേശങ്ങളുടെ ഭാഗമായാണ് ഫെഡറൽ കസ്റ്റംസ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുറപ്പെടുന്ന രാജ്യത്ത് അജ്ഞാത വ്യക്തികളിൽനിന്ന് ലഗേജുകളോ ബാഗുകളോ അതിലെ വസ്തുക്കളെന്താണ് അറിയാതെ സ്വീകരിക്കുന്നത് ചിലപ്പോൾ നിയമനടപടികളിലേക്ക് നീണ്ടേക്കാം.
ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളെയും പോലെ, യു.എ.ഇയിലേക്ക് പറക്കുമ്പോൾ യാത്രക്കാർക്ക് വഹിക്കാൻ കഴിയാത്ത നിരവധി വസ്തുക്കളും കസ്റ്റംസ് അധികൃതർ നിരോധിച്ചിട്ടുണ്ട്. കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്ന ഇനങ്ങൾ യാത്രക്കാരെ അപകടത്തിലാക്കും. മ
യക്കുമരുന്ന്, ചൂതാട്ട ഉപകരണങ്ങൾ / യന്ത്രങ്ങൾ, നൈലോൺ ഫിഷിങ് വലകൾ, അസംസ്കൃത ആനക്കൊമ്പ്, റെഡ്-ലൈറ്റ് പാക്കേജുള്ള ലേസർ പേനകൾ, വ്യാജ കറൻസികൾ, മലിനമായ ന്യൂക്ലിയർ കിരണങ്ങളും പൊടികളും, പ്രസിദ്ധീകരണങ്ങൾ , ചിത്രങ്ങൾ, മതപരമായി അവഹേളിക്കുന്ന അല്ലെങ്കിൽ അധാർമികമായ ഡ്രോയിങ്ങുകളും ശിൽപങ്ങളും, അതുപോലെ തന്നെ ചവച്ചരച്ച വസ്തുക്കൾ എന്നിവയെല്ലാം രാജ്യത്തേക്ക് കൊണ്ടു വരുന്നത് നിയമപരമായി നിരോധിച്ചിട്ടുണ്ട്. ഇവ ലഗേജുകളിലായി കൊണ്ടുവരുന്നത് ശിക്ഷാർഹമായ നടപടിയാണ്.
യു.എ.ഇയിലേക്ക് മരുന്നുകൾ കൊണ്ടുവരുന്ന യാത്രക്കാർക്ക് മരുന്നുകൾക്കൊപ്പം അംഗീകൃത കുറിപ്പടി കരുതണം. എയർലൈൻസും ഫോർവേഡിങ് കമ്പനികളും നൽകുന്ന മാർഗനിർദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കണമെന്നും ഫെഡറൽ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ) ആവശ്യപ്പെട്ടു. നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കളുടെയും ലേഖനങ്ങളുടെയും വിവരങ്ങൾ മറച്ചുവെക്കരുതെന്ന് യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.
വിമാന യാത്രക്കാരുടെ ലഗേജുകളിൽ അനുവദിച്ചതും വിലക്കിയതുമായ വസ്തുക്കളുടെ വലിയ പട്ടിക കഴിഞ്ഞ ദിവസം അതോറിറ്റി പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് നേരിട്ട് അറിയുകയോ വിശ്വാസമില്ലാത്തതോ ആയ ആളുകളിൽനിന്ന് യാത്രാവേളയിൽ ഒന്നും തന്നെ സ്വീകരിക്കരുതെന്ന നിർദേശം നൽകിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല