
സ്വന്തം ലേഖകൻ: യുഎഇയിലെ ചില സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന നിയമം ഒഴിവാക്കി. അതേസമയം, 2 മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടതു നിർബന്ധമാണെന്നും ദേശീയ അടിയന്തര നിവാരണ സമിതി അറിയിച്ചു. പൊതു സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല.
ഒരേ കുടുംബത്തിലെ അംഗങ്ങൾ തങ്ങളുടെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴും ഒറ്റയ്ക്കായിരിക്കുമ്പോഴും നീന്തൽക്കുളം, ബീച്ച് എന്നിവിടങ്ങളിലും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സെന്ററുകൾ, ബാർബർ ഷോപ്പുകൾ, ചികിത്സയ്ക്കായി എത്തുന്ന മെഡിക്കൽ സെൻ്ററുകൾ, ക്ലിനിക് എന്നിവിടങ്ങളിലും മാസ്ക് ധരിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.
2 ഡോസ് കോവിഡ് വാക്സീൻ എടുത്തവർക്ക് ഗ്രീൻപാസ് നിലനിർത്താൻ മാസത്തിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് എടുക്കണമെന്ന് ആരോഗ്യവിഭാഗം. വാക്സീനോ പിസിആറോ എടുത്തവർ കോവിഡ് മുക്തരാണെന്ന് അൽഹൊസൻ ആപ്പിൽ അറിയിക്കുന്ന സംവിധാനമാണ് ഗ്രീൻപാസ്. 30 ദിവസമാണ് ഗ്രീൻപാസിന്റെ കാലാവധി.
വിവിധ സ്ഥാപനങ്ങളിലേക്കു പ്രവേശനത്തിനും ഗ്രീൻ പാസ് വേണം. എന്നാൽ 16 വയസ്സിനു താഴെയുള്ളവർക്ക് ടെസ്റ്റ് എടുക്കാതെ ഗ്രീൻ പാസ് നിലനിർത്താം. രണ്ടാം ഡോസ് എടുത്ത് 6 മാസത്തിനകം ബൂസ്റ്റർ ഡോസ് എടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 6 മാസം പിന്നിട്ടിട്ടും വാക്സീൻ എടുക്കാത്തവർക്ക് നൽകിയ ഒരു മാസത്തെ ഇളവുകാലം സെപ്റ്റംബർ 20ന് അവസാനിച്ചു.
ഇങ്ങനെ വാക്സീൻ എടുക്കാത്തവരുടെ അൽഹൊസൻ ഫയൽ ഗ്രേ നിറത്തിലേക്കു മാറും. ഗ്രീൻ പാസ് നോക്കിയാണ് അബുദാബിയിലെ ഷോപ്പിങ് മാളുകളിൽ സന്ദർശകരെ പ്രവേശിപ്പിക്കുക. കൂടാതെ തെർമൽ സ്കാനർ, ഇഡിഎ പരിശോധനകളും ഉണ്ട്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് അൽവഹ്ദ മാൾ ജനറൽ മാനേജർ നവനീത് സുധാകരൻ പറഞ്ഞു.
റസ്റ്ററന്റ്, കോഫി ഷോപ്പ്, ജിം, മറ്റു വിനോദ, കായിക കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഗ്രീൻ പാസ് വേണം. കൂടാതെ റിസോർട്ട്, മ്യൂസിയം, സാംസ്കാരിക കേന്ദ്രങ്ങൾ, തീം പാർക്ക്, സ്വകാര്യ, പൊതു സ്കൂളുകൾ, നഴ്സറികൾ എന്നിവിടങ്ങളിലും ഗ്രീൻ പാസ് പരിശോധിക്കാൻ ഉദ്യോഗസ്ഥരുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല