
സ്വന്തം ലേഖകൻ: യുകെയിൽ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നേകാല്‍ ലക്ഷത്തിലേയ്ക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ സര്‍ക്കാരിന്റെ കണക്കുകളില്‍ 119,789 പോസിറ്റീവ് കേസുകള്‍ കൂടി രേഖപ്പെടുത്തി. 147 മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഓരോ രണ്ട് ദിവസം കൂടുമ്പോഴും ഒമിക്രോണ്‍ കേസുകള്‍ ഇരട്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ മോഡലിംഗ് തന്നെ വ്യക്തമാക്കുന്നത്. ഇതോടെ വര്‍ഷത്തിന്റെ അവസാനം എത്തുമ്പോഴേക്കും ലക്ഷങ്ങള്‍ക്ക് ദിവസേന ഒമിക്രോണ്‍ പിടിപെടുമെന്നാണ് വിലയിരുത്തൽ.
ഒരു ബൂസ്റ്റര്‍ ഡോസ് കഴിഞ്ഞ് മൂന്ന് മാസത്തിനകം ഒമിക്രോണില്‍ നിന്നുള്ള സംരക്ഷണം കുറയുമെന്ന് ഒരു പുതിയ പഠനം പറയുന്നു. ഇതോടെ ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ക്ക് നാലാമത്തെ ജാബ് നേരത്തെ തന്നെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. എങ്കിലും ഒമിക്രോണ്‍ ബാധിച്ച ആളുകള്‍ക്ക് ആശുപത്രിയില്‍ എത്താനുള്ള സാധ്യത 70 ശതമാനം കുറവാണ് എന്ന വിലയിരുത്തല്‍ ആശ്വാസകരമാണ്.
എന്നാല്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ (യുകെഎച്ച്എസ്എ) വിശകലനം പ്രകാരം ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിനെതിരെ ബൂസ്റ്ററുകളില്‍ നിന്നുള്ള പ്രതിരോധശേഷി വളരെ വേഗത്തില്‍ മങ്ങുന്നുവെന്നാണ്. രണ്ട് അസ്ട്രസെനെക്ക ഡോസുകളും കൂടാതെ ഒരു ഫിസര്‍ അല്ലെങ്കില്‍ മോഡേണ ബൂസ്റ്ററും ലഭിച്ചവര്‍ക്ക്, മൂന്നാമത്തെ ഡോസ് കഴിഞ്ഞ് രണ്ടോ ആഴ്‌ചകളോളം ഒമിക്രോണിനെതിരെ 60 ശതമാനം പരിരക്ഷയുണ്ട്. പക്ഷേ, പത്താഴ്‌ചയ്‌ക്ക് ശേഷം ഇത് ഫിസറിന് 35 ശതമാനമായും മോഡേണയ്‌ക്ക് 45 ശതമാനമായും കുറയുന്നു.
ഇതിനകം ബൂസ്റ്ററുകള്‍ ലഭിച്ചവര്‍ക്കിടയില്‍ ഭാവിയില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ നാലാമത്തെ ഡോസ് നല്‍കുന്നത് വേഗത്തിലാക്കുന്നത് പരിഗണിക്കാന്‍ ഈ കണക്കുകള്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നു. ഇംഗ്ലണ്ടില്‍ ഡിസംബര്‍ 27ന് ശേഷം ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ക്രിസ്മസിനുള്ള കൂട്ടംകൂടല്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുകയാണ് മിക്ക സ്ഥാപനങ്ങളും.
ബോക്‌സിംഗ് ഡേയില്‍ കോവിഡ് വിലക്കുകള്‍ തിരിച്ചെത്തുമെന്നാണ് വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്‌ഫോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ തോതിലുള്ള ന്യൂ ഇയര്‍ ഈവ് പാര്‍ട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പുറമെ പബിലും, റെസ്റ്റൊറന്റിലും റൂള്‍ ഓഫ് സിക്‌സ് തിരിച്ചെത്തും. പൊതുസംവിധാനങ്ങളില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കാനും നിര്‍ദ്ദേശമുണ്ട്.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ബോക്‌സിംഗ് ഡേ മുതല്‍ നൈറ്റ്ക്ലബുകള്‍ അടച്ചിടും. സ്‌കോട്ട്‌ലണ്ടില്‍ ക്രിസ്മസിന് ശേഷം കര്‍ശന നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌കോട് ലന്‍ഡില്‍ ന്യൂഇയര്‍ ആഘോഷം റദ്ദാക്കുകയും ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ടേബിള്‍ സര്‍വീസ് മാത്രമായി ചുരുക്കുകയും ചെയ്തിരുന്നു.
അതിനിടെ ഈ വർഷത്തെ ക്രിസ്മസ് സന്ദേശത്തിൽ യുകെയിലുടനീളമുള്ള ജനങ്ങൾക്ക് അവരുടെ ബൂസ്റ്റർ ജാബ് സ്വീകരിക്കാൻ പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുമെന്നാണ് സൂചന. ജാബ് നേടുന്നത് കുടുംബങ്ങൾക്കുള്ള അത്ഭുതകരമായ സമ്മാനമായി ബോറിസ് ജോൺസൺ വിശേഷിപ്പിച്ചിരുന്നു. ഒമിക്രോൺ കുതിച്ചുയരുകയാണ് എന്നതിനാൽ, പാൻഡെമിക് അവസാനിച്ചിട്ടില്ലെന്നും എൻഎച്ച്എസ് സ്റ്റാഫിന്റെ പ്രവർത്തനങ്ങൾക്ക് നന്ദി അർപ്പിക്കുന്നതാണ് ബോറിസ് ജോൺസന്റെ ക്രിസ്തുമസ് സന്ദേശം.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല