1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2021

സ്വന്തം ലേഖകൻ: യുകെയിൽ യാത്രക്കാർക്കുള്ള പ്രീ ഡിപ്പാർച്ചർ കോവിഡ് ടെസ്റ്റിൻ്റെ സാധുത രണ്ട് ദിവസം. യാത്രക്കാർ ഒരു ടെസ്റ്റ് നടത്തിയാല്‍ അടുത്ത രണ്ട് ദിവസത്തെ യാത്രക്ക് ഈ ഫലം ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 48 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്ന നിബന്ധന യാത്രക്കാരെ ആശയക്കുഴപ്പത്തിൽ ആക്കിയിരുന്നു.

വിമാനകമ്പനികള്‍ തങ്ങളെ യാത്ര ചെയ്യുന്നത് തടയുമെന്ന ആശങ്കയും യാത്രക്കാര്‍ക്ക് ഉണ്ടായിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് രണ്ട് ദിവസമെന്ന് പറഞ്ഞപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് 48 മണിക്കൂര്‍ എന്നാണ് നിര്‍ദ്ദേശിച്ചത്.

ഇതോടെ യുകെയിലേക്ക് യാത്ര ചെയ്യുന്നവര്‍ ആശയക്കുഴപ്പത്തിലാകുകയും, പല വിദേശ രാജ്യങ്ങളിലെയും ടെസ്റ്റിംഗ് സെന്ററിന് മുന്നില്‍ യുകെ യാത്രക്കാരുടെ നീണ്ടനിര രൂപപ്പെടുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി 9ന് പുറപ്പെടുന്ന യാത്രക്കാരന്‍ 2 ദിവസം മുന്‍പ് ടെസ്റ്റ് നടത്തരുതെന്ന് മാത്രമാണ് നിബന്ധനയെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച ഏത് സമയത്താണ് ടെസ്റ്റ് നടത്തിയതെന്ന് കാര്യമാക്കാതെ ഇതിന്റെ ഫലം രണ്ട് ദിവസത്തെ യാത്രക്കായി ഉപയോഗിക്കാമെന്ന് അധികൃതര്‍ പറഞ്ഞു . ഒമിക്രോണ്‍ വേരിയന്റുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വേരിയന്റ് ഏത് വിധത്തിലാണ് പ്രതികരിക്കുന്നതെന്ന് വ്യക്തമാകാത്ത സാഹചര്യത്തിലാണ് യാത്ര പുറപ്പെടുന്നതിന് മുന്‍പുള്ള ടെസ്റ്റ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറയുന്നു.

അതിനിടെ ,വാക്‌സിൻ എടുക്കാത്ത 12ന് മേൽ പ്രായമുള്ള ബ്രിട്ടീഷ് യാത്രക്കാര്‍ക്ക് സ്‌പെയിനില്‍ വിലക്ക് ഏര്‍പ്പെടുത്തി. 101 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ രോഗം സ്ഥരീകരിച്ചത്. നിലവിലെ കണക്കുകൾ പ്രകാരം ഒമിക്രോണിനു ഡെൽറ്റാ വകഭേദത്തേക്കാൾ വ്യാപനശേഷി കൂടുതലാണെങ്കിലും ഇതു മൂലമുണ്ടാകുന്ന ഭവിഷ്യത്തുകളേക്കുറിച്ച് നിഗമനത്തിലെത്താൻ സമയമായിട്ടില്ല എന്നാണു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിക്കുന്നത്.

ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വകഭദം സ്ഥിരീകരിച്ചതായി കഴിഞ്ഞദിവസം ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് പാർലമെന്റിൽ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് ദിവസേനയുള്ള കണക്കുകൾ പുറത്തുവിട്ടു തുടങ്ങിയത്. വെയിൽസ്, നോർത്തേൺ അയർലൻഡ്, സ്കോട്ട്ലൻഡ് പ്രാദേശിക ഭരണകൂടങ്ങളും സ്ഥിതിഗതികൾ സസൂഷ്മം വിശകലനം ചെയ്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചു തുടങ്ങി.

ജനുവരിയോടെ രാജ്യത്ത് ഒമിക്രോണിന്റെ വ്യാപനം അതിരൂക്ഷമാകാനുള്ള സാധ്യത ഏറെയാണെന്നാണ് വെയിൽസ് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകുന്നത്. പുതിയ വേരിയന്റിനൊപ്പം രാജ്യത്ത് ദിവസേന രോഗികളാകുന്നവരുടെ മൊത്തം എണ്ണത്തിലും വർധനയുണ്ടാകുന്നുണ്ട്. 45,691 പേർക്കാണ് ഇന്നലെ ബ്രിട്ടണിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 180 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.