
സ്വന്തം ലേഖകൻ: യുകെയിൽ 2 ഡോസ് വാക്സിൻ എടുത്തവരും കോവിഡ് പകർത്തിയേക്കുമെന്ന് പഠനം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്താലും ഡെല്‍റ്റ വേരിയന്റ് പിടിപെട്ടാല്‍ രോഗലക്ഷണങ്ങള്‍ രൂപപ്പെടാനും, കോവിഡ് പടര്‍ത്താനും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരെ പോലെ തന്നെ സാധ്യതയുണ്ടെന്നാണ് സുപ്രധാന പഠനം വ്യക്തമാക്കുന്നത്.
കൂടാതെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി നടക്കാത്ത കാര്യമാണെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷണത്തില്‍ പറയുന്നു. വൈറസിന്റെ വ്യാപനം കുറയ്ക്കാന്‍ വാക്‌സിനുകള്‍ സുപ്രധാനമായതൊന്നും ചെയ്യുന്നില്ലെന്നാണ് യൂണിവേഴ്‌സിറ്റി കണ്ടെത്തല്‍. അതേസമയം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്നതാണ് ആശ്വാസം. ഇവര്‍ക്ക് കോവിഡ് പിടിപെട്ടാല്‍ വൈറല്‍ ലോഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് തുല്യമായ നിലയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അതായത് വാക്‌സിന്‍ എടുത്തവരും, എടുക്കാത്തവരും ചുമയ്ക്കുകയും, തുമ്മുകയും ചെയ്യുമ്പോള്‍ പൊഴിക്കുന്ന വൈറസ് ഒരു പോലെയാണെന്ന് ഗവേഷകര്‍ പറയുന്നു. ഇതോടെ ഓട്ടം സീസണില്‍ ബൂസ്റ്റര്‍ കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന നിര്‍ദ്ദേശത്തിന് ശക്തിയേറുകയാണ്. എന്നിരുന്നാലും രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചാല്‍ മരണവും, ആശുപത്രി അഡ്മിഷനുകളും കുറയുന്നുവെന്ന കാര്യത്തില്‍ സംശയമില്ലെന്ന് പഠനം സ്ഥിരീകരിക്കുന്നു.
വാക്‌സിന്‍ ലഭിച്ചവരിലും, ലഭിക്കാത്തവരിലും സമാനമായ വൈറല്‍ ലോഡാണ് പീക്ക് സമയത്ത് രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും വാക്‌സിന്‍ എടുത്തവരില്‍ വേഗത്തില്‍ ഇന്‍ഫെക്ഷന്‍ ഭേദമാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഡെല്‍റ്റ വേരിയന്റിന് എതിരെ വാക്‌സിന്റെ പ്രതിരോധം പഠിക്കാനായി 7 ലക്ഷം പേരിലാണ് പഠനം നടന്നത്. രണ്ട് ഡോസ് ഫിസര്‍ വാക്‌സിന് കോവിഡ്-19നെ തടയാന്‍ 82 ശതമാനം സാധിക്കുമ്പോള്‍, ആസ്ട്രാസെനെകയ്ക്ക് 67 ശതമാനമാണ് പ്രതിരോധം.
അതേസമയം ഇംഗ്ലണ്ടിൽ 94.2% ജനങ്ങൾക്കും കോവിഡിനെതിരായ ആൻ്റിബോഡി ലഭിച്ചതായി ഗവേഷകർ കണ്ടെത്തി. എങ്കിലും 2 ഡോസ് വാക്സിൻ ലഭിച്ച ആളുകളിലൂടെ രോഗം വ്യാപിക്കുന്നതിന് ഇത് തടസമാവില്ലെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല