
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടനിലേക്കു വരികയായിരുന്ന ബോട്ടു മുങ്ങി കുട്ടികളടക്കം നാലുപേർ മരിച്ചു. നിരവധി പേരെ കോസ്റ്റ് ഗാർഡും നാവികസേനയും പൊലീസും ചേർന്നു രക്ഷിച്ച് ആശുപത്രിയിലാക്കി. ഫ്രാൻസ് തീരത്തു നിന്നും അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടനിലേക്ക് വരികയായിരുന്ന ബോട്ടാണ് മുങ്ങിയത്. അഞ്ചും എട്ടും വയസുള്ള രണ്ടു കുട്ടികളും രണ്ടു മുതിർന്നവരുമാണു മരിച്ചത്. ഇവർ ഇറാനിൽ നിന്നും ഉള്ളവരാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഫ്രഞ്ച് അധികൃതർക്ക് എല്ലാ പിന്തുണയും നൽകുമെന്നും തന്റെ ചിന്തകൾ അപകടത്തിന് ഇരയായവരെക്കുറിച്ചാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു.
അനധികൃത കുടിയേറ്റക്കാർക്ക് അപകടകരമായ യാത്രാസൗകര്യം ഒരുക്കുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഇംഗ്ലീഷ് ചാനലിൽ ഫ്രഞ്ച് തീരത്തുനിന്നും രണ്ട് കിലോമീറ്റർ അകലെയായി ഇന്നലെ രാവിലെ ഒൻപതു മണിയോടെ ആണ് അപകടമുണ്ടായത്. നാലു ഫ്രഞ്ച് കപ്പലുകളും ബെൽജിയത്തിന്റെ ഹെലികോപ്റ്ററും സമീപത്തുണ്ടായിരുന്ന ഫിഷിങ് ബോട്ടുകളും രക്ഷാപ്രവർത്തനത്തിനെത്തി.
കടൽമാർഗം ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറാനുള്ള ശ്രമത്തിനിടെ അഭയാർഥികൾ അപകടത്തിൽ പെടുന്നതും മരിക്കുന്നതും സ്ഥിരം സംഭവമായി മാറുകയാണ്. ഫ്രാൻസിലെ തുറമുഖ പട്ടണങ്ങളിലെ അഭയാർഥി കേന്ദ്രങ്ങളിൽനിന്നും വൻ തുക ഈടാക്കിയാണ് അഭയാർഥികളെ കടത്തുസംഘങ്ങൾ സുരക്ഷിതമല്ലാത്ത ബോട്ടുകളിൽ കടലിലേക്ക് തള്ളിവിടുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല