
സ്വന്തം ലേഖകൻ: ക്രിസ്മസിന് മുമ്പേ തന്നെ രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുമെന്ന സൂചന നൽകി യുകെയിൽ ഒമിക്രോണ്‍ ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടിക പുറത്ത്. ഒരൊറ്റ ദിവസം കൊണ്ട് രാജ്യത്തു ഒമിക്രോണ്‍ കേസുകള്‍ 45 ശതമാനമാണ് ഉയര്‍ന്നത്.
ആകെ 817 കേസുകളാണ് ഇതിനോടകം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും പല മടങ്ങാണ്.
രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ വേരിയന്റ് എത്തിക്കഴിഞ്ഞിട്ടുണ്ടെന്നും, ഓരോ രണ്ട്, മൂന്ന് ദിവസങ്ങളിലും ഇരട്ടിക്കുന്നതുമായാണ് ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നത്. ഇംഗ്ലണ്ടിലെ ഒമിക്രോണ്‍ ഹോട്ട്‌സ്‌പോട്ട് വെസ്റ്റ് നോര്‍ത്താംപ്ടണ്‍ഷയറാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മ്യൂട്ടന്റ് സ്‌ട്രെയിന്‍ കൂടുതല്‍ വ്യാപനം വരുത്തിവെച്ച് മറ്റൊരു തരംഗത്തിന് ഇടയാക്കുമെന്ന് ശസ്ത്ര ഉപദേശകര്‍ മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണിത്.
രാജ്യത്ത് കണ്ടെത്തിയ ഒമിക്രോണ്‍ കേസുകളില്‍ 83 എണ്ണവും വെസ്റ്റ് നോര്‍ത്താംപ്ടണ്‍ഷയറിലാണ് സ്ഥിരീകരിച്ചത്. ഇതില്‍ 27 കേസുകള്‍ ലാബ് പരിശോധനയിലാണ് വ്യക്തമായതെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. കൂടുതല്‍ കേസുകളും ലണ്ടനിലാണ് കണക്കില്‍ പെട്ടിരിക്കുന്നത്. വിദേശയാത്രക്കാര്‍ പ്രധാനമായും ഇവിടെ എത്തുന്നുവെന്നത് തന്നെയാണ് ഇതിന് കാരണം. ഉയര്‍ന്ന തോതില്‍ ഒമിക്രോണ്‍ കേസുകളുള്ള പത്തില്‍ എട്ട് ഇടങ്ങളും തലസ്ഥാനത്താണ്.
യുകെഎച്ച്എസ്എയുടെ കണക്ക് പ്രകാരം 90 ശതമാനം ലോക്കല്‍ അതോറിറ്റികളിലും ഡിസംബര്‍ 5 മുതല്‍ കോവിഡ് ഇന്‍ഫെക്ഷന്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ യുകെയിലെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ആറ് ശതമാനം കുറവ് രേഖപ്പെടുത്തി. 50,867 കേസുകളാണ് ഒടുവിലായി രേഖപ്പെടുത്തിയത്. ദൈനംദിന മരണങ്ങള്‍ അഞ്ച് ശതമാനം വര്‍ദ്ധിച്ച് 148 ആയി.
ഒമിക്രോണ്‍ തരംഗം മുന്‍ തരംഗങ്ങളെ അപേക്ഷിച്ചുപീക്കില്‍ എത്തിച്ചേ രുമെന്നാണ് സേജ് മുന്നറിയിപ്പ്. വാക്‌സിനുകളും, സ്വാഭാവിക പ്രതിരോധശേഷിയും ഉണ്ടായിട്ടും വേരിയന്റ് രോഗികളുടെ എണ്ണം കുതിയ്ക്കുമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.
അതിനിടെ ഒമിക്രോണ്‍ വേരിയന്റ് ആഴ്ചകള്‍ക്കുള്ളില്‍ കുതിച്ചുയരുമെന്ന ഭീതിയില്‍ സ്‌കോട്ട് ലന്‍ഡില്‍ ക്രിസ്മസ്- ന്യൂ ഇയര്‍ പാര്‍ട്ടികള്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശം. ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുമെന്ന വിലയിരുത്തലില്‍ ക്രിസ്മസ് പാര്‍ട്ടികളും, ഹോഗ് മാനെ ആഘോഷങ്ങളും വൈകിപ്പിക്കാന്‍ പബ്ലിക് ഹെല്‍ത്ത് സ്‌കോട്ട് ലന്‍ഡ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി . നവംബര്‍ 1 മുതല്‍ ഡിസംബര്‍ 8 വരെയുള്ള സമയത്ത് സ്‌കോട്ട് ലന്‍ഡ ല്‍ 108 മ്യൂട്ടന്റ് കോവിഡ് സ്‌ട്രെയിന്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പകുതിയോളം കേസുകളും 20 – 39 പ്രായക്കാർക്കിടയിലാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല