
സ്വന്തം ലേഖകൻ: യുകെയിൽ കൊവിഡ് യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റ് പുതുക്കി. പാക്കിസ്ഥാൻ, കെനിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ 4 രാജ്യങ്ങൾ കൂടി പുതിയ പട്ടികയിൽ ഇടം പിടിച്ചു. ഏപ്രിൽ 9 വെള്ളിയാഴ്ച പുലർച്ചെ 4 മണി മുതൽ പുതിയ പട്ടിക പ്രാബല്യത്തിൽ വരും. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയതു പോലെയുള്ള കൊവിഡിൻ്റെ പുതിയ വകഭേദങ്ങളെക്കുറിച്ചുള്ള ആശങ്ക വ്യാപകമായതോടെയാണ് സർക്കാർ പുതിയ പട്ടിക ഇറക്കിയത്.
ഇതോടെ കഴിഞ്ഞ 10 ദിവസങ്ങളിൽ ഈ രാജ്യങ്ങളിൽ നിന്ന് പുറപ്പെട്ട അല്ലെങ്കിൽ യാത്ര ചെയ്ത അന്താരാഷ്ട്ര സന്ദർശകർക്ക് യുകെയിൽ പ്രവേശിക്കാൻ കഴിയില്ല. ബ്രിട്ടീഷ്, ഐറിഷ് പൗരന്മാർക്കും യുകെയിൽ താമസിക്കാനുള്ള അവകാശമുള്ളവർക്കും രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുണ്ട്. പക്ഷേ ഇവർ സർക്കാർ നിർദേശിക്കുന്ന ഒരു നിശ്ചിത തുറമുഖത്ത് എത്തിച്ചേരുകയും തുടർന്ന് ഔദ്യോഗിക അംഗീകാരമുള്ള ഒരു ക്വാറൻ്റീൻ ഹോട്ടലിൽ 10 ദിവസം താമസിക്കുകയും വേണം.
ക്വാറൻ്റീനിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവർ സ്വയം ഒറ്റപ്പെടലിന്റെ രണ്ടാമത്തേയും എട്ടാമത്തേയും ദിവസം കൊവിഡ് പരിശോധന നടത്തേണ്ടിവരും. അതേസമയം റെഡ് ലിസ്റ്റിൽ പുതുതായി ചേർത്ത നാല് രാജ്യങ്ങളിൽ നിന്ന് വരുന്ന വിമാനങ്ങൾക്ക് നിരോധനമില്ല. അതിനാൽ ഇവിടങ്ങളിൽ നിന്ന് ബ്രിട്ടീഷ്, ഐറിഷ് പൗരന്മാരും യുകെ നിവാസികളും മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ വാണിജ്യ റൂട്ടുകൾ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്.
കൊറോണ വൈറസ് വ്യാപന നിരക്ക് കുറഞ്ഞതും മികച്ച വാക്സിൻ കുത്തിവയ്പ്പ് കണക്കുകളുള്ളതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് “ട്രാഫിക് ലൈറ്റ് സിസ്റ്റം” പ്രകാരം റാങ്ക് നൽക്കാൻ യുകെ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. വിദേശ യാത്രകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ രാജ്യങ്ങളെ പച്ച, ആമ്പർ അല്ലെങ്കിൽ ചുവപ്പ് എന്നിങ്ങനെയാണ് തരം തിരിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
പച്ച റാങ്കിംഗ് ലഭിച്ച രാജ്യങ്ങളിൽ ഒഴിവുകാലം ആഘോഷിച്ച് മടങ്ങിയെത്തുന്നവരെ ക്വാറൻ്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കുമെന്ന് ടൈംസ് ആൻഡ് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചുവപ്പ് റാങ്കിംഗ് ലഭിച്ച രാജ്യങ്ങളിൽ നിന്നും പുറത്തേക്കും യാത്ര നിരോധിക്കുമെന്നും ടൈംസ് പറയുന്നു. അത്തരം സ്ഥലങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ ക്വാറൻറൈൻ ഹോട്ടലുകളിൽ താമസിക്കാൻ പണം നൽകേണ്ടി വരുമെന്നും സൺ റിപ്പോർട്ടിൽ പറയുന്നു.
ഇംഗ്ലണ്ടിൽ കൊറോണ വൈറസ് ലോക്ക്ഡൗണിൻ്റെ ഭാഗമായി മെയ് 17 വരെ വിദേശ അവധി ആഘോഷങ്ങൾ നിരോധിച്ചിരിക്കുകയാണ്. “മതിയായ കാരണമില്ലാതെ” ജൂൺ 30 ന് മുമ്പ് ഇംഗ്ലണ്ട് വിടാൻ ശ്രമിക്കുന്ന ഏതൊരാൾക്കും 5,000 ഡോളർ വരെ പിഴ ഈടാക്കുമെന്ന പുതിയ നിയമം കഴിഞ്ഞ തിങ്കളാഴ്ചയാണ് നിലവിൽ വന്നത്. എന്നാൽ വിദേശ വിനോദ സഞ്ചാരം പുനരാരംഭിക്കാൻ അനുവദിച്ചാൽ ഈ പിഴ എടുത്തുകളയുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല