1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2021

സ്വന്തം ലേഖകൻ: യുകെയിൽ ഒരു 33കാരി ‘ഓൺലൈൻ മാര്‍ഗത്തിലൂടെ’ പ്രസവിച്ച് വാര്‍ത്തകളിൽ ഇടം നേടുകയാണ്. 33 വയസുളള സ്റ്റെഫാനി ടെയ്ലറാണ് ഓൺലൈനായി വാങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ സ്വയം ഗര്‍ഭിണിയാകുകയും പ്രസവിക്കുകയും ചെയ്തത്. പെൺകുഞ്ഞിന് ഈഡൻ എന്നു പേരിട്ട സ്റ്റെഫാനി ഇതൊരു അത്ഭുത സംഭവമാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

യുകെയിലെ ടീസൈഡ് നൂൺതോര്‍പ് സ്വദേശിയായ സ്റ്റെഫാനിയ്ക്ക് മുൻ ഭര്‍ത്താവുമായുള്ള ബന്ധത്തിൽ നിലവിൽ നാലുവയസുള്ള ഒരു മകനുണ്ട്. എന്നാൽ ഇയാളുമായുള്ള ബന്ധം പിന്നീട് വേര്‍പിരിഞ്ഞിരുന്നു. രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് സ്റ്റെഫാനിയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും സ്വന്തമായി പങ്കാളിയില്ലെന്നതായിരുന്നു പ്രധാന പ്രശ്നം. കൂടാതെ കൃത്രിമ ഗര്‍ഭധാരണത്തിനായി മുടക്കേണ്ടി വരുന്ന വലിയ തുകയും കണ്ടെത്തുക എളുപ്പമായിരുന്നില്ല. 1.6 ലക്ഷത്തോളം രൂപയാണ് ഇതിനായി ഫെര്‍ട്ടിലിറ്റി ക്ലിനിക്കിൽ നല്‍കേണ്ടി വരിക. ഇതോടു കൂടിയാണ് സ്റ്റെഫാനി വേറിട്ട വഴി സ്വീകരിച്ചതെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഓൺലൈൻ വ്യാപാര വെബ്സൈറ്റായ ഇബേയിൽ നിന്ന് ഒരു ഇൻസെമിനേഷൻ കിറ്റ് വാങ്ങുകയാണ് സ്റ്റെഫാനി ആദ്യം ചെയ്തത്. കൃത്രിമമാര്‍ഗത്തിലൂടെ ബീജം ശരീരത്തിനുള്ളിലെത്തിക്കാനും ഗര്‍ഭം ധരിക്കാനും ഈ ഉപകരണം സഹായിക്കും. ഒരു ശുക്ലദാതാവിനെ കണ്ടെത്തുകയായിരുന്നു അടുത്ത പടി. ഇതിനായി ജസ്റ്റ് എ ബേബി എന്ന മൊബൈൽ ആപ്ലിക്കേഷനാണ് സ്റ്റെഫാനിയെ സഹായിച്ചത്.

വീടിനടുത്തു നിന്നോ ലോകത്ത് എവിടെ നിന്നോ ശുക്ലദാതാക്കളെ കണ്ടെത്താനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ആഴ്ചകളോളം നീണ്ട ശ്രമത്തിനൊടുവിൽ ശുക്ലദാതാവ് ബീജം സ്റ്റെഫാനിയ്ക്ക് വീട്ടിലെത്തിച്ചു നല്‍കുകയായിരുന്നു. തനിക്ക് ശുക്ലം ദാനം ചെയ്തയാള്‍ വളരെ സൗഹൃദത്തോടു കൂടിയാണ് സംസാരിച്ചതെന്ന് സ്റ്റെഫാനി പറഞ്ഞു. തങ്ങള്‍ ഒരുമിച്ചിരുന്ന ചായ കുടിച്ചെന്നും കുറച്ചു സമയം സംസാരിച്ചെന്നും അവര്‍ പറഞ്ഞു.

ശുക്ലദാതാവിൻ്റെ പ്രൊഫൈൽ ആപ്പിൽ കണ്ടാണ് താൻ ഇയാളെ ബന്ധപ്പെട്ടതെന്ന് സ്റ്റെഫാനി പറഞ്ഞു. തന‍്റെ മൂത്ത മകനെപ്പോലെ തന്നെയായിരിക്കും ഇളയ കുട്ടിയുടെയും രൂപമെന്നും സ്റ്റെഫാനി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇൻസെമിനേഷൻ കിറ്റ് ഉപയോഗിച്ച് മുൻപരിചയം ഇല്ലായിരുന്ന സ്റ്റെഫാനി യൂട്യൂബ് നോക്കിയാണ് ഇത് ഉപയോഗിച്ചത്. ഉപകരണം വഴി കൃത്രിമ ഗര്‍ഭധാരണത്തിനു ശ്രമിച്ചു രണ്ടാഴ്ചയ്ക്കു ശേഷം താൻ ഗര്‍ഭിണിയായതായി സ്റ്റെഫാനി മനസ്സിലാക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് എയ്ഡൻ ജനിച്ചത്. കുട്ടിയ്ക്ക് ജന്മം നല്‍കാനായി താൻ സ്വീകരിച്ച മാര്‍ഗങ്ങള്‍ ആലോചിക്കുമ്പോള്‍ ഇതൊരു അത്ഭുതമായാണ് സ്റ്റെഫാനി കരുതുന്നത്. തനിക്ക് ഇക്കാര്യങ്ങളെല്ലാം ഓൺലൈനായി ചെയ്യാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഇന്ന് ഈ കുട്ടി ജനിക്കില്ലായിരുന്നുവെന്നും സ്റ്റെഫാനി പറഞ്ഞു.

തനിക്ക് നാലുവയസുകാരനായ ഫ്രാങ്കി മാത്രമാണ് മകനായി ഉണ്ടായിരുന്നതെന്നും കുട്ടി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് ഒരു കുട്ടി കൂടി വേണമെന്നു തോന്നിയതെന്നും സ്റ്റെഫാനി പറഞ്ഞു. ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞെങ്കിലും മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുന്നത് കുട്ടിയെ വിഷമത്തിലാക്കുമോ എന്ന ആശങ്കയും തനിക്കുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

അതേസമയം, തനിക്ക് അച്ഛൻ്റെ പിന്തുണയുണ്ടായിരുന്നുവെന്ന് സ്റ്റെഫാനി പറഞ്ഞു. ഓൺലൈനായി ബീജദാതാവിനെ കണ്ടെത്തുന്നത് ഒരു മികച്ച ആശയമാണെന്നായിരുന്നു അച്ഛൻ പറഞ്ഞത്. എന്നാൽ ഈ രീതിയെപ്പറ്റി അമ്മയ്ക്കും സഹോദരിയ്ക്കും ആശങ്കയുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

വലുതായിക്കഴിയുമ്പോള്‍ അച്ഛനുമായി ഈഡൻ കൂടിക്കാഴ്ച നടത്തുന്നതിൽ തനിക്ക് എതിര്‍പ്പൊന്നുമില്ലെന്ന് അവര്‍ പറഞ്ഞു. ഭാവിയിൽ കൂടുതൽ കുട്ടികള്‍ വേണമെങ്കിൽ താൻ സഹായിക്കാൻ തയ്യാറാണെന്ന് ബീജദാതാവ് അറിയിച്ചിട്ടുണ്ടെന്നും സ്റ്റെഫാനി ടെയ്ലര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.