1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2020

സ്വന്തം ലേഖകൻ: ഞായറാഴ്ച പുനരാരംഭിക്കുന്ന ഉംറ തടസ്സങ്ങളില്ലാതെയും സുരക്ഷിതമായും നിർവഹിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഇതുവരെ രണ്ടര ലക്ഷം തീർഥാടകർ ‘ഇഅ്തമർനാ’ ആപ്‌ളിക്കേഷൻ വഴി ഉംറക്ക് അപേക്ഷിച്ചതായും ഹജ്-ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് വസാൻ പറഞ്ഞു.

സ്വദേശികളും വിദേശികളുമായി 50000 പേർക്കാണ് സമയം അനുവദിച്ചിട്ടുള്ളത്. മീഖാത്തുകളുടെ (ഇഹ്‌റാം ചെയ്ത് ഉംറയിൽ പ്രവേശിക്കുന്ന സ്ഥലം) സജ്ജീകരണ പ്രവർത്തങ്ങളും പൂർത്തിയായതായി ഇസ്‌ലാമിക കാര്യ മന്ത്രാലയവും വ്യക്തമാക്കി. അതിർത്തി തിരിക്കൽ, സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കർ പതിച്ച് അടയാളപ്പെടുത്തൽ, അണുനശീകരണ സാമഗ്രികൾ, സൈൻ ബോർഡുകൾ, മാർഗനിർദേശങ്ങൾ എന്നിവസ്ഥാപിക്കൽ തുടങ്ങി കൊവിഡ് 19 പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളും ക്രമീകരണങ്ങളും മന്ത്രാലയം വിലയിരുത്തി. പ്രവേശന കവാടങ്ങൾ,

അനുമതി പത്രത്തിന്റെ ബാർകോഡ് പരിശോധിക്കാനും മാർഗനിർദേശം നൽകാനും ഇലക്ട്രോണിക് സംവിധാനങ്ങൾ , ഉചിതമായ സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസർ, പ്രവേശന കവാടങ്ങളിൽ തെർമോമീറ്റർ എന്നിവയും സജ്ജീകരിച്ചു. മീഖാത്ത് ഉൾപ്പെടെ ഉംറ കർമങ്ങൾക്ക് വിനിയോഗിക്കുന്ന വിശുദ്ധ കേന്ദ്രങ്ങളിലെല്ലാം ആവശ്യമായ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി.

കൂടാതെ എല്ലാ പള്ളികളിലും ഇരുപതിനായിരം ച. മീറ്ററിലധികം പരവതാനികൾ അണുവിമുക്തമാക്കി. നിരവധി ദേശീയ ക്ലീനിങ് & മെയിന്റനൻസ് കമ്പനികളുമായി ചേർന്നാണ് 24 മണിക്കൂറും അണുവിമുക്തമാക്കൽ നടപടികൾക്കായി കരാർ ചെയ്തിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനായി 769 ജീവനക്കാർ, തൊഴിലാളികൾ, സാങ്കേതിക വിദഗ്ധർ, നിരീക്ഷകർ എന്നിവരെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കൂടാതെ തീർഥാടകരുടെ വരവോടെ ബോധവൽക്കരണത്തിനും മാർഗനിർദേശ പ്രവർത്തനങ്ങൾക്കുമായി നിരവധി പേരെയും ചുമതലപ്പെടുത്തി. വിശുദ്ധ ഉംറ പുനരാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൊറോണ പടരാതിരിക്കുവാന്‍ ഉംറ നിര്‍വഹിക്കുവാനുള്ള അനുമതിക്കായി ഏര്‍പ്പെടുത്തിയ ഇഅ്തമര്‍നാ ആപ് ആന്‍ഡ്രോയ്ഡ് പ്ലറ്റ്ഫോമിലും പ്രവര്‍ത്തനക്ഷമമായി. ഐഫോണുകളില്‍ ആപ് നാലു ദിവസം മുമ്പ്തന്നെ പ്രവൃത്തിച്ചു തുടങ്ങിയിരുന്നു.

ഞായറാഴ്ച മുതലാണ് ഉംറ കര്‍മത്തിന് അനുമതി നല്‍കിതുടങ്ങുക. 16,000 പേര്‍ക്കാണ് ഞായറാഴ്ച ഉംറ കര്‍മ്മത്തിനുള്ള അനുമതിയുണ്ടാവുക. മൂന്നു മണിക്കൂര്‍ സമയമാണ് ഉംറ നിര്‍മ്മത്തിന് ഒരു തീര്‍ഥാടകന് അനുവദിച്ചിട്ടുള്ളത്.

ഉംറ നിര്‍വ്വഹിക്കുന്ന തീര്‍ത്ഥാടകന്‍ തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്യണം. ഇഅ്തമര്‍നാ ആപ് വഴി മുന്‍കൂട്ടി പെര്‍മിറ്റ് നേടാനാകും. ഉംറ കര്‍മ്മത്തിനു മുമ്പ് ഉംറയുടെ പ്രത്യേക വേഷവിധാനമായ ഇഹ്റാമില്‍ പ്രവേശിക്കുന്നതിന് മീഖാത്തുകളില്‍ എത്തിയാല്‍ സാമൂഹിക അകലം പാലിക്കണം. ഇഹ്റാമില്‍ പ്രവേശിക്കുന്നതിന് മീഖാത്തുകളില്‍ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങള്‍ പാലിച്ചിരിക്കണം.

പള്ളിയില്‍ പ്രവേശിക്കുന്നതിന് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. തീര്‍ഥാടകരോരോ ആളും സ്വന്തമായി നമസ്‌കാരവിരി കരുതിയിരിക്കണം. പള്ളിക്കകം നമസ്‌കരിക്കാനായി ഏര്‍പ്പെടുത്തിയ സ്ഥലത്തുവെച്ചു മാത്രം നമസ്‌ക്കരിക്കണണം എന്നിവയാണ് മറ്റ് നിർദേശങ്ങൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.