1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2019

സ്വന്തം ലേഖകന്‍: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിനു പിന്നിലെ അധോലോക കുറ്റവാളി രവി പൂജാരി പിടിയിലായതായി സൂചന. ആഫ്രിക്കയിലെ സെനഗലില്‍ നിന്നാണ് രവി പൂജാരി അറസ്റ്റിലായതെന്നാണ് സൂചന. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയതിന് രവി പൂജാരിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചുള്ള രവി, പതിനഞ്ചു വര്‍ഷത്തോളമായി ഒളിവിലാണ്. ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് ഗുജറാത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുബൈയിലെ ചെമ്പൂരില്‍ നിന്നു രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു രവി പൂജാരി അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമായെന്ന രാജന്‍ സംഘാംഗമാണു പൂജാരിയെ സംഘത്തിലെത്തിച്ചത്.

1990ല്‍ സഹാറില്‍ ബാലാ സല്‍ട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെ മാധ്യമ ശ്രദ്ധ നേടി. അതിന് ശേഷം രവി പൂജാരി ഹോട്ടല്‍ ഉടമകളില്‍ നിന്നു ഹഫ്ത പിരിവു പതിവാക്കി. 2000ല്‍ ഛോട്ടാരാജന്‍ ബാങ്കോക്കില്‍ ആക്രമിക്കപ്പെട്ടതോടെ രാജനെ ഉപേക്ഷിച്ചു. പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ ദാവൂദിന്റെ വിശ്വസ്തനായ ഛോട്ടാ ഷക്കീലുമായി ചേര്‍ന്നു പുതിയ സംഘമുണ്ടാക്കിയായിരുന്നു.

2007ല്‍ ചലച്ചിത്ര സംവിധായകന്‍ മഹേഷ് ഭട്ടിനെയും 2009ല്‍ നിര്‍മ്മാതാവ് രവി കപൂറിനെയും ഇവരുടെ സിനിമയുടെ കഥയെച്ചൊല്ലി പൂജാരി ഭീഷണിപ്പെടുത്തി. ഈ വര്‍ഷം ഏപ്രിലില്‍ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് സരോഗിയേയും ഭീഷണിപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയ കേന്ദ്രീകരിച്ചാണ് പൂജാരി തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നായിരുന്നു നേരത്തേയുള്ള സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.