1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2021

സ്വന്തം ലേഖകൻ: അൺലോക്ക് റോഡ്മാപ്പുമായി ബ്രിട്ടൻ മുന്നോട്ട്; പബ്ബുകളും കടകളും ബാർബർ ഷോപ്പുകളും ജിമ്മുകളും ഏപ്രിൽ 12 മുതൽ തുറക്കാം. കൂട്ടായ പരിശ്രമവും വാക്സിനേഷൻ പദ്ധതിയുടെ വിജയവും റോഡ്മാപ്പിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനുള്ള ആത്മവിശ്വാസം നൽകിയതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ ഔദ്യോഗിക വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എന്നാൽ ജാഗ്രത കൈവിടാതെ ഇളവുകൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാത്തരം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും. കെയർ ഹോമുകളിലെ സന്ദർശകരുടെ എണ്ണം ഒന്നിൽ നിന്ന് രണ്ടായി ഉയർത്തുന്നതോടെ താമസക്കാർക്ക് അവരുടെ പ്രിയപ്പെട്ടവരെ കാണാൻ കൂടുതൽ അവസരമൊരുക്കും.

അതേസമയം യൂറോപ്പിൽ കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ വീണ്ടും കേസുകൾ ഉയരാൻ തുടങ്ങിയാൽ വാക്സിൻ കവചം എത്രത്തോളം ശക്തമാകുമെന്ന് ഇപ്പോഴും അറിയില്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. എൻഎച്ച്എസിന്റെ സൗജന്യ കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകൾ നേരിട്ട് വീടുകളിൽ ഓർഡർ ചെയ്ത് വരുത്താനുള്ള സൗകര്യമുണ്ട്. ജനങ്ങൾ ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മെയ് 17 മുതൽ വിദേശ യാത്രകൾ അനുവദിക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നായിരുന്നു ബോ റിസ് ജോൺസൻ്റെ പ്രതികരണം. എന്നാൽ ഇതിനായി ഇനിയും കൂടുതൽ ഡാറ്റ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിൻ്റെ തീവ്രതയും പ്രതിരോധ കുത്തിവയ്പ്പ് പരിപാടികളുടെ പുരോഗതിയും അനുസരിച്ചായിരിക്കും ഇതിൽ തീരുമാനമുണ്ടാകുക. പ്രധാനമന്ത്രിയുടെ റോഡ്മാപ്പിൽ ന്യായമായ ഒഴിവുകഴിവില്ലാതെ അന്താരാഷ്ട്ര യാത്രകൾ മെയ് 17 ന് മുമ്പ് അനുവദിക്കില്ല.

അതേസമയം ബോറിസ് ജോൺസന്റെ റോഡ്മാപ്പിന്റെ അവസാന ഘട്ടങ്ങളിൽ കൊറോണ വൈറസ് അണുബാധ നിരക്ക് ഉയരാൻ ഇടയാക്കുമെന്ന് സർക്കാറിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകി. മെയ്, ജൂൺ മാസങ്ങളിൽ മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ ആശുപത്രി പ്രവേശനങ്ങൾ ജനുവരിയിലെ നിലയിലേക്ക് ഉയർന്നേക്കുമെന്ന് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (SAGE) ൽ നിന്നുള്ള ശാസ്ത്രജ്ഞർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.