സ്വന്തം ലേഖകന്‍: വിവാഹ ബന്ധത്തിലല്ലാതെ ജനിക്കുന്ന കുട്ടികള്‍ അമ്മക്ക് സ്വന്തമെന്ന് സുപ്രീം കോടതി. വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ അമ്മക്ക് കുട്ടിയുടെ പിതാവിന്റെ സമ്മതം ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. കുട്ടിയുടെ രക്ഷാകര്‍തൃത്വം ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ പിതാവിന്റെ പേരു വെളിപ്പെടുത്തേണ്ടതില്ല.
പിതാവിന്റെ സമ്മതത്തോടെ മാത്രമേ കുട്ടിയുടെ രക്ഷാകര്‍തൃത്വം അമ്മക്ക് ഏറ്റെടുക്കാനാവൂ എന്ന ഹിന്ദു രക്ഷാകര്‍തൃത്വ നിയമത്തിലെ വ്യവസ്ഥ ചോദ്യം ചെയ്ത് ഡല്‍ഹി സ്വദേശിനി നല്‍കിയ ഹര്‍ജിയില്‍ വിധി പറയുമ്പോഴാണ് സുപ്രീം കോടതി നിര്‍ണായകമായ പരാമര്‍ശം നടത്തിയത്.
വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടിക്ക് സ്വന്തം പിതാവ് ആരെന്നറിയാനുള്ള അവകാശം, പിതാവിന് സ്വന്തം കുട്ടിയെക്കുറിച്ചറിയാനും പരിപാലിക്കാനുമുള്ള അവകാശം, അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ പിതാവ് ആരെന്നു വെളിപ്പെടുത്താതിരിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയാണ് ഹര്‍ജിയില്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍.
കുട്ടിയുടെ പിതാവ് ആരെന്നു വെളിപ്പെടുത്താന്‍ അമ്മക്ക് താല്‍പര്യമില്ലെങ്കില്‍ അത് മാനിക്കണമെന്ന് ജസ്റ്റിസ് വിക്രംജിത് സെന്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കുട്ടിയുടെ ക്ഷേമത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് നിരീക്ഷിച്ച കോടതി, അവിവാഹിത അമ്മമാരോട് കുട്ടിയുടെ പിതാവിന്റെ പേര് വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കി.
രണ്ടുമാസം മാത്രമാണ് കുട്ടിയുടെ പിതാവ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും. ഇങ്ങനെയൊരു കുട്ടിയുണ്ടെന്ന കാര്യം പോലും പിതാവിന് അറിയില്ലെന്നും ഹര്‍!ജിക്കാരി വാദിച്ചു. കുട്ടിയുടെ പിതാവിന് നോട്ടീസ് അയക്കാതെ രക്ഷാകര്‍തൃത്വത്തിനുള്ള ഹര്‍ജിക്കാരിയുടെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ സുപ്രീംകോടതി കീഴ്‌ക്കോടതിക്കു നിര്‍ദേശം നല്‍കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല