
സ്വന്തം ലേഖകൻ: നവംബർ ഒന്നു മുതൽ ബ്രിട്ടീഷ്, യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ഇളവുകൾ അനുവദിച്ച് അമേരിക്ക. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് ടെസ്റ്റിംങ്ങും കോൺടാക്ട് ട്രേസിംങ് സംവിധാനവും നിലനിർത്തിക്കൊണ്ടാണ് അമേരിക്കൻ യാത്രയ്ക്ക് അനുമതി നൽകുന്നത്.
ഒരു വർഷമായി തുടരുന്ന കനത്ത നിയന്ത്രണങ്ങൾക്ക് ഇതാദ്യമായാണ് അമേരിക്ക ഇളവ് അനുവദിക്കുന്നത്. മേരിക്കൻ തീരുമാനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സന്തോഷം അറിയിച്ചു. വ്യാപാര-വാണിജ്യ മേഖലയുടെ ഉണർവിനും ഇരുരാജ്യത്തും ഒറ്റപ്പെട്ടുപോയ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സംഗമത്തിനും പുതിയ തീരുമാനം സഹായിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ജർമൻ ചാൻസിലർ ആഞ്ചല മെർക്കൽ ഉൾപ്പെടെയുള്ള വിവിധ യൂറോപ്യൻ നേതാക്കളും അമേരിക്കൻ തീരുമാനത്തെ അഭിനന്ദിച്ചു. യുഎസിൽ മൂന്നാം തരംഗ ഭീഷണി കുറഞ്ഞതായുള്ള സൂചനകൾക്കിടെയാണ് ബൈഡൻ ഭരണകൂടത്തിൻ്റെ ഇളവുകൾ. അറ്റ്ലാൻ്റിക്കിന് ഇരുവശത്തേക്കും കൂടുതൽ യാത്രക്കാരെ സ്വാഗതം ചെയ്യാൻ ഇളവുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല