1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച ഡെമോക്രാറ്റിക്-റിപ്പബ്ലിക് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥികളുടെ തുറന്ന സംവാദത്തിലെ ആരോപണവും മറുപടിയും അമേരിക്കയിൽ ചർച്ചയാകുന്നു. കമല ഹാരിസും മൈക് പെൻസുമാണ് തുറന്ന സംവാദത്തിൽ ആരോപണം ഉന്നയിക്കുകയും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തത്.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഡോണൾഡ് ട്രംപിന്‍റെ കൊവിഡ് പ്രതിരോധമെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസ് ആരോപിച്ചു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കൃത്യമായ പദ്ധതികളില്ലാത്ത ട്രംപ് സർക്കാർ സമ്പൂർണ പരാജയമാണ്. ഏറ്റവും കുറഞ്ഞത് സത്യാവസ്ഥ ജനങ്ങളോട് തുറന്നു പറയാനെങ്കിലും പ്രസിഡന്‍റ് തയാറാകണം. സ്വന്തം ആരോഗ്യം സംബന്ധിച്ചും നികുതി സംബന്ധിച്ചും ട്രംപ് കള്ളം പറയുകയാണെന്നും കമല ഹാരിസ് ചൂണ്ടിക്കാട്ടി.

കമലയുടെ ആരോപണം തള്ളിയ റിപ്പബ്ലിക് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി മൈക് പെൻസ്, ജനങ്ങളുടെ ജീവൻവെച്ച് രാഷ്ട്രീയം കളിക്കുകയാണ് ഡെമോക്രാറ്റുകൾ ചെയ്യുന്നതെന്ന് തിരിച്ചടിച്ചു. കൊവിഡ് പ്രതിരോധ മരുന്ന് ഈ വർഷം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ മരുന്ന് പരീക്ഷണത്തെ ഡെമോക്രാറ്റുകൾ ഇകഴ്ത്തുകയാണെന്നും പെൻസ് ആരോപിച്ചു.

ഒബാമ ഭരണത്തിൽ തകർന്ന യു.എസ് സമ്പദ് വ്യവസ്ഥയെ ട്രംപ് സർക്കാർ കരകയറ്റിയെന്ന് പെൻസ് അവകാശപ്പെട്ടു. ഐ.എസ് വിരുദ്ധ പോരാട്ടത്തിൽ ട്രംപിന്‍റെ ഭരണത്തിൽ അമേരിക്ക വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, വ്യാപാര യുദ്ധത്തിൽ യു.എസ് പരാജയപ്പെട്ടെന്നും ചൈനയുടെ കുഴലൂത്തുകാരായി ട്രംപ് സർക്കാർ മാറിയെന്നും കമല ചൂണ്ടിക്കാട്ടി. വർണവെറിയന്മാരെ അനുകൂലിക്കുന്ന ട്രംപിന്‍റെ നിലപാടിന് വ്യത്യസ്തമായി അമേരിക്കയെ ഒന്നിപ്പിച്ച് നിർത്താൻ പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡന് സാധിക്കുമെന്നും കമല ഹാരിസ് യൂട്ടാ സർവകലാശാല വേദിയിൽ നടന്ന സംവാദത്തിൽ വ്യക്തമാക്കി.

റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും തമ്മിൽ ഒഹിയോയിലെ ക്ലൈവ് ലാന്‍റിൽ നടന്ന തുറന്ന സംവാദം വാക്കേറ്റത്തിലാണ് കലാശിച്ചത്. സംവാദവേദിയിൽ ഉറഞ്ഞുതുള്ളുകയായിരുന്ന ട്രംപിനോട് നിങ്ങളൊന്ന് മിണ്ടാതിരിക്കുമോ എന്ന് ബൈഡന് പറയേണ്ടി വന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.