1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2018

സ്വന്തം ലേഖകന്‍: രാജസ്ഥാനിലേയും ഗുജറാത്തിലേയും ബിജെപി സര്‍ക്കാരുകള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, ഏതു നിമിഷവും താന്‍ കൊല്ലപ്പെടാം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. കഴിഞ്ഞ ദിവസം വിഎച്ച്പി ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റായ തൊഗാഡിയയെ കാണാതാവുകയും മണിക്കൂറുകള്‍ക്ക് ശേഷം അബോധാവസ്ഥയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

ഇതേതുടര്‍ന്ന് ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തൊഗാഡിയ ബോധം തെളിഞ്ഞശേഷം ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ആഞ്ഞടിച്ചത്.രാജസ്ഥാന്‍, ഗുജറാത്ത് പൊലീസ് സംഘം തന്നെ വേട്ടയാടുകയാണ്. വ്യാജ ഏറ്റുമുട്ടല്‍ നടത്തി തന്നെ വധിക്കാന്‍ രാജസ്ഥാന്‍ പോലീസ് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഏത് നിമിഷവും താന്‍ കൊല്ലപ്പെടാമെന്നും പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കി.

പത്ത് വര്‍ഷം മുന്‍പ് നിരോധനം ലംഘിച്ച് പ്രകടനം നടത്തിയ കേസില്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ ഇന്നലെ രാവിലെ രാജസ്ഥാന്‍ പൊലീസ്, ഗുജറാത്തിലെ അഹമ്മദാബാദിലെത്തിയിരുന്നു. രാജസ്ഥാന്‍ പൊലീസ്, ഗുജറാത്തിലെ സോല പോലീസ് സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കൊപ്പം വിഎച്ച്പി ഓഫീസില്‍ തൊഗാഡിയയെ തേടി എത്തുമെന്ന വിവരം കിട്ടിയതിന് പിന്നാലെയാണ് തൊഗാഡിയയെ കാണാതാകുന്നത്.

രാവിലെ 10.30 തോടെ അദ്ദേഹം പാല്‍ടിയിലുള്ള വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസില്‍ നിന്നും ഒരു ഓട്ടോറിക്ഷയില്‍ കയറി പോകുകയായിരുന്നു. സുരക്ഷാ ജീവനക്കാരനോട് അരമണിക്കൂറിനുള്ളില്‍ തിരിച്ചെത്തും എന്നു പറഞ്ഞാണ് തൊഗാഡിയ അവിടെ നിന്നും പോയത്. എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ല. മണിക്കൂറുകള്‍ക്കുശേഷം അബോധാവസ്ഥയില്‍ അദ്ദേഹത്തെ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തൊഗാഡിയയുടെ നില മെച്ചപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് ആശുപത്രിയില്‍ വാര്‍ത്താസമ്മേളനം നടത്തി തന്നെ വേട്ടയാടുന്നതിന്റെ പേരില്‍ ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ക്കെതിരേ തൊഗാഡിയ ആഞ്ഞടിച്ചത്. തന്നെ വ്യാജ ഏറ്റുമുട്ടല്‍ നടത്തി വധിക്കുകയാിരുന്നു പൊലീസിന്റെ ലക്ഷ്യമെന്ന് തനിക്ക് സൂചന കിട്ടിയതുകൊണ്ടാണ് താന്‍ വിഎച്ച്പി ഓഫീസ് വിട്ടുപോയതെന്ന് തൊഗാഡിയ പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.