
സ്വന്തം ലേഖകൻ: ക്യാമ്പസില്‍ പരസ്യമായി വിവാഹാഭ്യാര്‍ഥന നടത്തി പരസ്പരം ആലിംഗനം ചെയ്ത വിദ്യാര്‍ഥികളെ സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പാക് സര്‍വകലാശാല പുറത്താക്കി. ലാഹോര്‍ സര്‍വകലാശാലയാണ് വൈറലായ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുത്തത്. വ്യാഴാഴ്ചയാണ് ക്യാമ്പസില്‍ സഹപാഠിയോട് പ്രണയാഭ്യര്‍ഥന നടത്തിയ വിദ്യാര്‍ഥിനിയുടെ വീഡിയോ വൈറലായത്.
മുട്ടുകുത്തിനിന്ന് റോസാപൂവുകള്‍ നല്‍കിയാണ് പെണ്‍കുട്ടി സഹപാഠിയോട് പ്രണയാഭ്യര്‍ഥന നടത്തിയത്. യുവാവ് പൂക്കള്‍ സ്വീകരിക്കുകയും പെണ്‍കുട്ടിയെ എഴുന്നേല്‍പ്പിച്ച് കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ചുറ്റും കൂടി നിന്ന വിദ്യാര്‍ഥികള്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. വീഡിയോ ഓണ്‍ലൈനില്‍ വൈറലായതോടെ സംഭവം സര്‍വകലാശാല അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് അച്ചടക്ക സമിതി വിദ്യാര്‍ഥികളോട് സമിതിക്ക് മുന്‍പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ എത്തിയില്ല. തുടര്‍ന്ന് ക്യാമ്പസ് അച്ചടക്കത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളെ പുറത്താക്കാന്‍ സമിതി തീരുമാനിക്കുകയായിരുന്നു. ലാഹോര്‍ ക്യാമ്പസിലോ അതിന്റെ സഹ കോളേജുകളിലോ പ്രവേശിക്കുന്നതില്‍ നിന്നും ഇവരെ വിലക്കിയിട്ടുമുണ്ട്.
ഇന്റര്‍നെറ്റില്‍ വിദ്യാര്‍ഥികളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സര്‍വകലാശാല അധികൃതരുടെ നടപടി പരിഹാസ്യമാണെന്ന് വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകള്‍ ഭഖ്തവര്‍ ഭൂട്ടോ രംഗത്തെത്തി. ‘ഏത് നിയമം വേണമെങ്കിലും നടപ്പിലാക്കിക്കോളു. പക്ഷെ ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് പ്രണയത്തെ പുറത്താക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല’ – മുന്‍ ക്രിക്കറ്റ് താരം വാസിം അക്രത്തിന്റെ ഭാര്യ ഷാനിയേറ അക്രം ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല