1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2019

സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഇന്ന് വനിതാ മതില്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അണിനിരക്കുക 50 ലക്ഷത്തോളം സ്ത്രീകള്‍; ഗിന്നസ് റെക്കോര്‍ഡ് നിരീക്ഷണത്തിനായി സംഘമെത്തി. അമ്പത് ലക്ഷത്തോളം വനിതകളാണ് കാസര്‍ഗോട് നിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തില്‍ മതിലിനായി കൈകോര്‍ക്കുക. വൈകുന്നേരം നാലിനാണ് മതിലുയരുക.

കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലിനെത്തും. വെള്ളയമ്പലത്ത് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്, ആനി രാജ എന്നിവര്‍ പങ്കെടുക്കും. കാസര്‍േഗാട്ട് മതിലിന്റെ തുടക്കത്തില്‍ മന്ത്രി കെ.കെ. ശൈലജയുണ്ടാകും. ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തായിരിക്കും സ്ത്രീകള്‍ നിരക്കുക. സാമൂഹികസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും നിശ്ചിതസ്ഥലത്ത് മൂന്നിനുതന്നെ വനിതകളെ എത്തിക്കും.

മൂന്നര കഴിഞ്ഞ് റിഹേഴ്‌സലിനായി നിരന്നു തുടങ്ങും. നാലുമുതല്‍ നാലേകാല്‍ വരെയാണ് മതില്‍ ഉയര്‍ത്തുക. തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോര്‍ഗ്രൂപ്പ് നിയന്ത്രണത്തിനുണ്ടാകും. മതില്‍ പൂര്‍ത്തിയായാല്‍ പ്രധാന കേന്ദ്രങ്ങളിലെ പൊതുയോഗത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും വെള്ളയമ്പലത്ത് യോഗത്തില്‍ പ്രസംഗിക്കും.

മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും. നാല്‍ക്കവലകളില്‍ നിശ്ചിത സമയത്തിന് പത്തു മിനിറ്റുമുമ്പ് മാത്രമേ മതിലൊരുക്കാവൂ. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.