1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2017

സ്വന്തം ലേഖകന്‍: മലയാളിയായ യുവ വൈദികനെ സ്‌കോര്‍ട്ട്‌ലന്‍ഡില്‍ കാണാതായതായി പരാതി. സിഎംഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെയാണു താമസസ്ഥലത്തുനിന്നു കാണാതായത്. ഇതു സംബന്ധിച്ച് സഭാധികാരികള്‍ക്കും ബന്ധുക്കള്‍ക്കും വിവരം ലഭിച്ചു. എഡിന്‍ബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതല വഹിച്ചു വരികയായിരുന്നു ഫാ. മാര്‍ട്ടിന്‍.

ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്ന വൈദികനെപ്പറ്റി ബുധനാഴ്ച മുതലാണു വിവരമൊന്നുമില്ലാതായത്. പിഎച്ച്ഡി പഠനത്തോടൊപ്പം ഇടവകയുടെ ചുമതലയും വഹിച്ചിരുന്ന വൈദികന്‍ ദിവ്യബലിയര്‍പ്പിക്കാന്‍ എത്താതിരുന്നതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് ആദ്യം വിവരമറിയുന്നത്.

ചൊവ്വാഴ്ച വരെ വൈദികന്‍ നാട്ടിലുള്ള സഹോദരങ്ങളോട് ഫോണില്‍ സംസാരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ബുധനാഴ്ച മുതല്‍ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം പുളിങ്കുന്ന് സിഎംഐ ആശ്രമത്തിലെ പ്രിയോറച്ചന്‍ വീട്ടിലെത്തി വൈദികനെ കാണാനില്ലെന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

വൈദികന്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നു കിടന്ന നിലയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാസ്‌പോര്‍ട്ട്, ലാപ്‌ടോപ് തുടങ്ങി കൈകാര്യം ചെയ്തിരുന്ന വസ്തുക്കള്‍ എല്ലാം മുറിയില്‍ത്തന്നെയുണ്ടായിരുന്നു. ഫോറന്‍സിക് വിദഗ്ധരെത്തി മുറി പരിശോധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2013 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ച ഫാ, മാര്‍ട്ടിന്‍ കഴിഞ്ഞ ജൂലൈയിലാണ് സ്‌കോര്‍ട്ട്‌ലന്‍ഡില്‍ എത്തിയത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.