1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2012

ചെന്നൈ:ഗായകനും സംഗീതസംവിധായകനും മേളക്കാരും പരസ്പരം കാണാതെ സിനിമാഗാനങ്ങള്‍ പിറക്കുന്ന ആധുനിക കാലത്ത് ഇതാ ഒരു തത്സമയ ഗാനം. മലയാളികള്‍ക്ക് ഇമ്പമേറിയ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച സംഗീതകുലപതി ദക്ഷിണാമൂര്‍ത്തിയും മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ യേശുദാസുമായിരുന്നു ഈ ഗാനത്തിന്റെ പിറകില്‍. ‘തുംബുരു നാരദ ഗാനധ്വനിയില്‍ ദേവമൃദംഗ തരംഗലയം…എന്നുതുടങ്ങുന്ന വരികള്‍ ദക്ഷിണാമൂര്‍ത്തിയുടെ നിര്‍ദേശപ്രകാരം യേശുദാസ് പാടുമ്പോള്‍ റിക്കോര്‍ഡിങ് മുറിയെ സംഗീതസാന്ദ്രമാക്കി. ഗുരുമുഖത്തു നിന്നുതിര്‍ന്ന ഈണത്തെ ശബ്ദമാധുരിയുടെ പൊന്നില്‍ മുക്കിയെടുത്തു ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസ് ഏറ്റുപാടി. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തില്‍ ഒലിച്ചുപോയ തല്‍സമയ ഗാന റിക്കോര്‍ഡിങ് രീതി പുനര്‍ജനിക്കുകയായിരുന്നു വടപളനി സത്യാ ഗാര്‍ഡനിലുള്ള മരിയന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍. ലോഹിതദാസിന്റെ അസിസ്റ്റന്റായിരുന്ന സേതു ഇയാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ശ്യാമരാഗം എന്ന ചിത്രത്തിന്റെ ഗാന റിക്കോര്‍ഡിങ്ങിനാണു ദക്ഷിണാമൂര്‍ത്തിയും യേശുദാസും വീണ്ടും ഒരുമിച്ചത്. പഴയകാലത്തെ ഓര്‍മപ്പെടുത്തി ട്രാക്കുകളില്ലാതെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തല്‍സമയമാണു ഗാനങ്ങളുടെ കമ്പോസിങും റെക്കോര്‍ഡിങും.
എല്ലാക്കാലത്തും തല്‍സമയ റിക്കോര്‍ഡിങ്ങാണു തന്റെ രീതിയെന്നും പുതിയ തലമുറയ്ക്കു മാത്രമാണ് അതില്‍ പുതുമ കണ്ടെത്താനാവുകയെന്നും ദക്ഷിണാമൂര്‍ത്തി പറഞ്ഞു. ഗാനത്തിന്റെ ഭാവിയെന്താവും എന്ന് ആശങ്കപ്പെടാതെ ജീവനുള്ള സംഗീതത്തിലും ഈശ്വരനിലും വിശ്വാസമര്‍പ്പിച്ചായിരുന്നു പഴയകാലത്തു ഗാനങ്ങളൊരുക്കിയിരുന്നതെന്നു യേശുദാസ് പറഞ്ഞു. ഗുരുമുഖത്തുനിന്നു കേള്‍ക്കാനും കേട്ടത് ആത്മാര്‍ത്ഥമായി പാടാനും കഴിഞ്ഞതാണ് ഏറ്റവും വലിയ ഈശ്വരകൃപയെന്നും അദ്ദേഹം പറഞ്ഞു. കൈതപ്രമാണു ഗാനരചന. ചിത്ര, വിജയ് യേശുദാസ്, ശ്വേത എന്നിവരും ശ്യാമരാഗത്തിന്റെ ഗായകനിരയിലുണ്ട്. പുതുമുഖങ്ങളായ അഭയ്, ശ്രീലക്ഷ്മി എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും മാടമ്പ് കുഞ്ഞിക്കുട്ടന്റേതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.