‘ലീല’ എന്ന രഞ്ജിത് ചിത്രത്തില്‍ മഹാനടന്‍മാരായ തിലകനും നെടുമുടി വേണുവും ഒരുമിച്ച് അഭിനയിക്കുന്നു എന്ന് വാര്‍ത്ത വന്നപ്പോള്‍ നല്ല സിനിമയെ സ്നേഹിക്കുന്നവരെല്ലാം ഉള്ളില്‍ സന്തോഷിച്ചിരിക്കും. അവര്‍ തമ്മിലുള്ള പിണക്കം തീരാന്‍ പോകുന്നു എന്ന് ആശ്വസിച്ചിരിക്കും. എന്നാല്‍ ഒരുകാലത്തും നെടുമുടി വേണുവുമായുള്ള പിണക്കം അവസാനിക്കില്ലെന്ന് തിലകന്‍ വ്യക്തമാക്കിയിരിക്കുന്നു.
“ഒരു കാരണവശാലും ഞാനും നെടുമുടി വേണുവുമായുള്ള പിണക്കം അവസാനിക്കില്ല. എനിക്ക് വേണുവിനോട് അവജ്ഞയാണ്. എന്‍റെ മനസ് ഒരു അരിപ്പയാണ്. അതിലേക്ക് എല്ലാ അനുഭവങ്ങളും ഇടും. നല്ലതൊക്കെ ആ അരിപ്പയിലൂടെ അരിച്ച് താഴെവീഴും. ഒരിക്കലും വീഴാതെ എന്‍റെ മനസിന്‍റെ അരിപ്പയില്‍ കുടുങ്ങിക്കിടക്കുകയാണ് നെടുമുടി വേണു. അയാള്‍ എല്ലാ വേലകളും ഒപ്പിച്ചശേഷം ‘ഞാന്‍ ഒന്നുമറിഞ്ഞില്ലേ’ എന്ന ഭാവത്തിലിരിക്കും. അപകടകാരിയാണ്. നിങ്ങള്‍ക്ക് ഒരാളെ കൊല്ലണമെങ്കില്‍ നേരിട്ട് ചെന്ന് കുത്തിക്കൊല്ലാം. പിന്നില്‍ നിന്ന് കുത്താന്‍ പാടില്ല” – ഇന്ത്യാവിഷന്‍റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ തിലകന്‍ പറഞ്ഞു.
‘ലീല’ എന്ന ചിത്രത്തില്‍ താനും നെടുമുടി വേണുവും അഭിനയിക്കുന്നുണ്ടെന്നും അതില്‍ വേണുവിന്‍റെ കഥാപാത്രത്തോടുമാത്രമേ താന്‍ സഹകരിക്കുന്നുള്ളൂ എന്നും തിലകന്‍ വ്യക്തമാക്കി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്താതിരുന്ന യുവനടന്‍ ആസിഫ് അലിയെ വിലക്കാനുള്ള ശ്രമത്തിനെതിരെയും തിലകന്‍ പ്രതികരിച്ചു.
“ആസിഫ് അലിയെ വിലക്കാനുള്ള തീരുമാനം നിര്‍ഭാഗ്യകരമാണ്. അയാള്‍ പുതുമുഖമാണ്. അയാളെ ജനങ്ങള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അങ്ങനെ ഒരാളെ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്. അയാള്‍ തലപൊക്കരുതെന്ന് പലര്‍ക്കും താല്‍പ്പര്യമുണ്ട്. അതുകൊണ്ട് ചവിട്ടിത്താഴ്ത്താനാണ് ശ്രമം” – തിലകന്‍ പറഞ്ഞു.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മലയാളത്തിലെ താരങ്ങള്‍ പങ്കെടുക്കുന്നതുകൊണ്ട് സിനിമയ്ക്ക് ഗുണമൊന്നുമില്ലെന്ന് തിലകന്‍ പറഞ്ഞു. “ക്രിക്കറ്റ് കളിച്ചതുകൊണ്ട് മോഹന്‍ലാല്‍ സച്ചിനെപ്പോലെയാകുമോ? അവശകലാകരന്‍മാര്‍ക്ക് സഹായം നല്‍കാനായി ക്രിക്കറ്റ് കളിക്കേണ്ട കാര്യമില്ല. അഭിനേതാക്കളെല്ലാവരും ചേര്‍ന്ന് വര്‍ഷത്തില്‍ ഒരു പടം ഇറക്കിയാല്‍ മതി” – തിലകന്‍ വ്യക്തമാക്കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല