തിരയിലും ജീവിതത്തിലും പ്രണയജോഡികളായ അജയ് ദേവ്ഗണും കാജോളും ബി ടൗണില്‍ വീണ്ടും ഒന്നിക്കുന്നു. ’സേവ് ദ ഗേള്‍ ചൈല്‍ഡ്’ കാപൈയിനിന്റെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. രാജ്യത്ത് നടക്കുന്ന പെണ്‍ഭ്രൂണഹത്യക്കെതിരായ പ്രചാരണത്തിനായി പ്രവര്‍ത്തിക്കാനാകുന്നതില്‍ ആഹ്ലാദവാനാണെന്ന് അജയ് ദേവ്ഗണ് പറഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടിലെ സാമൂഹിക വ്യവസ്ഥിതി സ്ത്രീയെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്നവള്‍ എന്ന ലേബലിലാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. സ്വന്തമായി വരുമാനം കണ്ടെത്തുന്ന സ്ത്രീകളാണ് ഇപ്പോള്‍ അധികവും. എങ്കിലും പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണ്. സ്ത്രീയെ ദൈവമായി കാണുന്ന ഒരുരാജ്യത്ത് തന്നെയാണ് അവളെ ജനിക്കുന്നതിന് മുമ്പെ കൊല്ലുന്നതും. സേവ് ദ ഗേള്‍ ചൈല്‍ഡ് പ്രചരണ പരിപാടിയിലൂടെ പൊതുജനങ്ങളെ ബോധവല്ക്കരിക്കാനാകും എന്ന വിശ്വാസമുണ്ടെന്നും അജയ് ദേവ്ഗണ് പറഞ്ഞു.
പതിനേഴ് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘ഹല്‍ച്ചല്‍’ എന്ന ആക്ഷന്‍ ചിത്രത്തിലാണ് അജയ് ദേവ്ഗണും കാജോളും ആദ്യമായി ഒന്നിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. തിരജീവിതത്തില്‍ മൊട്ടിട്ട പ്രണയം ഇരുവരേയും ജീവിതത്തില്‍ ഒന്നിപ്പിച്ചു. വിവാഹശേഷം കാജോള്‍ സിനിമാ ലോകത്ത് നിന്ന് അല്‍പ്പനാള്‍ വിട്ടെങ്കിലും ആമിര്‍ ഖാന്റെ ‘ഫന’യിലൂടെ വീണ്ടും ബി ടൗണില്‍ സജീവമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല