1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2015

സ്വന്തം ലേഖകന്‍: മോദി സര്‍ക്കാറിനെ വിമര്‍ശിച്ചതിന് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥി സംഘടനയുടെ അംഗീകാരം പിന്‍വലിച്ചതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ബിആര്‍ അംബേദ്കറുടെയും പെരിയാറിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ (എപിഎസ്‌സി) എന്ന സംഘടനയുടെ അംഗീകാരമാണ് ഐഐടി അധികൃതര്‍ പിന്‍വലിച്ചത്.

സംഘടന മോദി സര്‍ക്കാറിനെതിരെ ദളിത് വിദ്യാര്‍ഥികളെ സംഘടിപ്പിക്കുകയാണെന്നും വിദ്വേഷം വളര്‍ത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും ആരോപിച്ച് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് ഊമക്കത്ത് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഐടി മദ്രാസ് അധികൃതരുടെ നടപടി എന്നാണ് സൂചന. പരാതികള്‍ ചൂണ്ടിക്കാട്ടി മാനവശേഷി മന്ത്രാലയം ഐഐടിക്ക് കത്തയച്ചതാണ് വിലക്കിന് കാരണം.

എപിഎസ്‌സി ഐഐടി കാമ്പസില്‍ സംഘടിപ്പിച്ച സെമിനാറില്‍ ദ്രാവീഡിയന്‍ സര്‍വകലാശാലയിലെ അധ്യാപകന്‍ ആര്‍ വിവേകാനന്ദ ഗോപാല്‍ അംബേദ്കറുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയിരുന്നു. ഈ പ്രഭാഷണത്തിന്റെ പകര്‍പ്പ് സംഘടന കാമ്പസില്‍ വിതരണം ചെയ്തു. മോദി സര്‍ക്കാറിനെതിരെ നിശിത വിമര്‍ശമുയര്‍ത്തുന്ന പ്രഭാഷണമായിരുന്നു ഇത്.

ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുക എന്നതാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യമെന്നും രാജ്യത്തെ വര്‍ഗീയവത്കരിക്കുന്നതിനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ഥികള്‍ കരുതിയിരിക്കണമെന്നും പ്രഭാഷണത്തില്‍ മുന്നറിയിപ്പുണ്ട്. ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനയുടെ അംഗീകാരം പിന്‍വലിച്ചതിനെതിരെ എപിഎസ്‌സി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ ജനാധിപത്യമില്ല എന്നാണര്‍ഥമെന്ന് സംഘടന അഭിപ്രായപ്പെട്ടു. എന്നാല്‍, മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് അംഗീകാരം താത്കാലികമായി പിന്‍വലിച്ചതെന്നും സംഘടനക്ക് പറയാനുള്ളത് കേട്ട ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെനും ഐഐടി മദ്രാസ് അധികൃതര്‍ വെള്ളിയാഴ്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വീട്ടിലേക്ക് എന്‍.എസ്.യു.വിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. എന്നാല്‍, മദ്രാസ് ഐ.ഐ.ടി. സ്വയംഭരണാധികാരമുള്ള സ്ഥാപനമാണെന്നും സ്വന്തം നിലയ്ക്കാണ് അവര്‍ നടപടി സ്വീകരിച്ചതെന്നുമാണ് മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചത്. വിലക്കിനെതിരെ സാമൂഹികമാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.