1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2021

സ്വന്തം ലേഖകൻ: പത്താം ക്ലാസ് യോഗ്യത, ഒരു ലക്ഷം രൂപ ശമ്പളം! ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷിക്കായി അപേക്ഷ ക്ഷണിച്ചപ്പോള്‍ ലഡു പൊട്ടിയത് മലയാളികളുടെ മനസിലാണോ? അപേക്ഷകരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെക്. അപേക്ഷകരുടെ തിരക്ക് കാരണം ഒഡേപെകിറെ വെബ്‌സൈറ്റിന്‍റെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തു.

അപേക്ഷകരുടെ എണ്ണം വർധിച്ചതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. 5000 പേർ ഇ-മെയിൽ വഴിയും 2000 പേർ ഫേസ്ബുക്ക് വഴിയുമാണ് അപേക്ഷ നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെക് മുഖേന 100 ഒഴിവുകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിനായി രണ്ടു ദിവസത്തിനിടെ അയ്യായിരത്തിലധികം പേരാണ് അപേക്ഷിച്ചത്.

ദക്ഷിണ കൊറിയയില്‍ ജോലിക്കായി 22നാണ് ഒഡേപെക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് പാസായ 25 നും 45 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് ജോലിക്ക് അപേക്ഷിക്കാൻ അവസരമുള്ളത്. പ്രതിമാസം ഒരു ലക്ഷം രൂപയാണ് ശമ്പളം. ആദ്യമായാണ് ഒഡെപെക് ദക്ഷിണ കൊറിയയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. കൊറിയൻ ചേംബർ ഓഫ് കൊമേഴ്സുമായി ചേർന്നാണു നിയമനം.

രജിസ്റ്റർ ചെയ്തവർ രണ്ട് ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്തിരിക്കണം. താൽപര്യമുള്ളവർക്കായി ഒഡെപെക് 27നു തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിലും സെമിനാർ നടത്തും. രജിസ്റ്റർ ചെയ്തവർക്ക് രണ്ട് ലക്ഷം രൂപയാണ് ചെലവായി വരുന്നത്. 100 പേര്‍ക്കാണ് തുടക്കത്തില്‍ നിയമനം ലഭിക്കുക. കാര്‍ഷികവൃത്തിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഭക്ഷണം ഉള്‍പ്പെടെ കമ്പനി നല്‍കും. അപേക്ഷ അയക്കേണ്ട ഇമെയിൽ: recruit@odepc.in, വെബ്സൈറ്റ്: www.odepc.kerala.gov.in.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.