1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2020

സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം മാത്രം ചൈനയില്‍ നിന്നും 108 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ വിദേശത്തു നിന്നുള്ള 97 പേരില്‍ പകുതിയിലേറെ പേരും ഒരൊറ്റ വിമാനത്തിലെ യാത്രക്കാരായിരുന്നു. ഈ വിമാനത്തിന്റെ വരവോടെ, മാര്‍ച്ച് അഞ്ചിന്(145 രോഗികള്‍) ശേഷം ചൈനയിലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദിവസമായി ഈസ്റ്റര്‍ ഞായറാഴ്ച്ച മാറി.

വിദേശങ്ങളില്‍ നിന്നുമെത്തുന്ന കോവിഡ് രോഗികള്‍ രാജ്യങ്ങള്‍ക്ക് പുതിയ തലവേദനയാകുമെന്ന് ഉറപ്പിക്കുന്നതാണ് ചൈനയുടെ അനുഭവം. ഏപ്രില്‍ പത്തിന് റഷ്യയില്‍ നിന്നും ഷാങ്ഹായ് നഗരത്തിലെത്തിയ വിമാനത്തിലെ യാത്രക്കാരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തിയ 97 പേരില്‍ ഞായറാഴ്ച്ച രോഗം സ്ഥിരീകരിച്ചെന്നും ഇതില്‍ പകുതിയിലേറെയും റഷ്യന്‍ വിമാനത്തില്‍ നിന്നുള്ളവരാണെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം എത്രപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത് എന്നത് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

റഷ്യയില്‍ നിന്നെത്തുന്ന കോവിഡ് രോഗികള്‍ ചൈനക്ക് പുതിയ തലവേദനയായിരിക്കുകയാണ്. ചൈനയും റഷ്യയും അതിര്‍ത്തിപങ്കിടുന്ന ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയില്‍ റഷ്യയില്‍ നിന്നെത്തിയ നൂറിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഒരുമാസത്തേക്ക് ഇവിടുത്തെ അതിര്‍ത്തി ചൈന അടച്ചിരിക്കുകയാണ്. റഷ്യയില്‍ നിന്നെത്തിയവരെ ക്വാറന്റെയ്‌നിലാക്കുകയും ചെയ്തു.

അതിവേഗത്തില്‍ കോവിഡ് പകരുന്നതിന്റെ റിപ്പോര്‍ട്ടുകളാണ് റഷ്യയില്‍ നിന്നുള്ളത്. ഞായറാഴ്ച്ച മാത്രം 2186 പുതിയ കേസുകളാണ് റഷ്യയില്‍ റിപ്പോര്‍ട്ടു ചെയ്തത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 31 ശതമാനത്തിന്റെ വര്‍ധന. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 15770ലെത്തി. 130 പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് റഷ്യ ഔദ്യോഗികമായി പുറത്തുവിട്ട കണക്കിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.