1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2020

സ്വന്തം ലേഖകൻ: ലോക്ക് ഡൗണിൽ ഘട്ടം ഘട്ടമായി മാത്രം ഇളവ് മതിയെന്നാണ് കേരളത്തിന്റെ നിലപാട്. നാളെ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നതും ഈ സമീപനമായിരിക്കും എന്നാണ് വിവരം. കേന്ദ്ര സർക്കാറിന്റെ തീരുമാനം കൂടി അറിഞ്ഞശേഷം ഇളവുകളെ കുറിച്ച് സംസ്ഥാനം വീണ്ടും വിദഗ്ധരുമായി ആലോചിക്കും.

നിലവിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണവിധേയമാണ്. പക്ഷെ ലോക്ക് ഡൗണിൽ ഒറ്റയടിക്ക് ഇളവ് വന്നാൽ വീണ്ടും കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് സംസ്ഥാനത്തിന്റെ പൊതുവിലയിരുത്തൽ. രോഗം വല്ലാതെ കൂടുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫിൽ നിന്നുമുള്ള മലയാളികളുടെ വരവാണ് ഇനിയുള്ള വെല്ലുവിളി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരളം നിയോഗിച്ച കർമ്മസമിതി ശുപാർശ ചെയ്തത് ഇളവ് മൂന്ന് ഘട്ടമായി മാത്രം നീക്കിയാൽ മതിയെന്നായിരുന്നു. കേരളം കേന്ദ്രത്തിന് സമർപ്പിച്ച ഈ ശുപാർശകളെ കൂടി അടിസ്ഥാനപ്പെടുത്തിയാകും മുഖ്യമന്ത്രി നിലപാട് സ്വീകരിക്കുക.

അതേസമയം, തന്നെ ഇളവുകൾ ഒന്നുമില്ലാതെയുള്ള പൂർണ്ണ അടച്ചിടലിനോട് സംസ്ഥാനത്തിന് യോജിപ്പില്ല. ഇപ്പോൾ തന്നെ ചില മേഖലകളിൽ ഓരോ ദിവസവും കൊണ്ടുവരുന്ന പോലുള്ള ചെറിയ ഇളവുകൾ വീണ്ടും വേണമെന്നാണ് അഭിപ്രായം. പൊതുഗതാഗതം, പരീക്ഷകൾ, സ്കൂളുകൾ എന്നിവയിലാണ് നിർണ്ണായക തീരുമാനം വരേണ്ടത്. ജില്ലകൾക്ക് അകത്ത് കർശന നിബന്ധനകളോടെ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയുള്ള ബസ് യാത്ര അടക്കം സർക്കാർ പരിഗണനയിലുണ്ട്.

എന്നാൽ, മുടങ്ങിയ എസ്എസ്എൽസി പരീക്ഷകളിലും സ്കൂൾ തുറക്കലിലും ഉടൻ തീരുമാനം ഉണ്ടാകില്ല. പ്രധാന ഇളവുകൾ നൽകുന്നതിൽ കേന്ദ്ര സർക്കാർ നിലപാട് കൂടി അറിഞ്ഞ ശേഷം, തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗമായിരിക്കും അവസാനത്തെ തീരുമാനമെടുക്കുക. ഒപ്പം കർമ്മസമിതി അംഗങ്ങളുമായി വീണ്ടും മുഖ്യമന്ത്രി ചർച്ച നടത്തുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.