1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2012

കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് തറക്കല്ലിട്ടു. കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ നല്‍കുമെന്ന് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച വന്‍കിട നഗരമായി കൊച്ചിക്ക് ഉയരാനാകും. രാജ്യത്തെ 19 നഗരങ്ങളില്‍ മെട്രോ പദ്ധതി നടപ്പിലാക്കും. 12 ഇടങ്ങളില്‍ വിശദമായി പദ്ധതി രേഖ തയ്യാറായതായും പ്രധാനമന്ത്രി അറിയിച്ചു.

നിരവധി ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും നടുവിലാണ് പ്രധാനമന്ത്രി മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. മറൈന്‍ഡ്രൈവ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിരോധമന്ത്രി എകെ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ്് അധ്യക്ഷത വഹിച്ചു

ചടങ്ങില്‍ നിന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വിട്ടുനിന്നു. ധൃതിപിടിച്ച് തറക്കല്ലിടല്‍ ചടങ്ങ് നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് വിഎസ് വിട്ടുനിന്നത്. എന്നാല്‍, മെട്രോ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വി എസ് അച്യുതാനന്ദനും നിര്‍ണ്ണായക പങ്കുവഹിച്ചെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു.

ആലുവ മുതല്‍ പേട്ടവരെ 25 കിലോമീറ്ററാണ് മെട്രോയുടെ ദൈര്‍ഘ്യം. 22 സ്‌റ്റേഷനുകളാണുണ്ടാകുക. ആദ്യഘട്ടത്തില്‍ മൂന്ന് കോച്ചുകളാണ് സര്‍വ്വീസ് നടത്തുക. 5182 കോടിയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 50 ശതമാനം തുക കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വഹിക്കും. ബാക്കി വരുന്ന തുക ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോര്‍പറേഷനില്‍ നിന്ന് വായ്പയായി വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ മെട്രോ നിര്‍മ്മാണച്ചുമതല ഡിഎംആര്‍സിക്ക് എന്ന് കൈമാറുമെന്ന് അറിയിച്ചിട്ടില്ലെന്ന് ഇ ശ്രീധരന്‍. ചുമതല ഏല്‍പ്പിക്കുന്നത് നീളുന്തോറും നിര്‍മ്മാണച്ചെലവ് വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി ഇ ശ്രീധരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പദ്ധതി വൈകുന്നത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലമാണെന്നും നിര്‍മ്മാണ ചുമതല പൂര്‍ണ്ണമായും ഏല്‍പ്പിക്കാത്തത് അലംഭാവം മൂലമാണെന്നു ശ്രീധരന്‍ ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.