1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2015

സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സ് ഇന്ത്യയിലെ ഓരോ വീട്ടിലേയും തീന്മേശയിലെ സ്ഥിരം സാന്നിധ്യമാകാന്‍ നെസ്‌ലെ പൊടിച്ചത് 445 കോടി രൂപ. മാഗി നിര്‍മ്മാതാക്കളായ നെസ്‌ലെ കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 445 കോടി രൂപക്കാണ് പരസ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരണം നടത്തിയത്.

പരസ്യം കൂടാതെ പ്രചരണ ക്യാമ്പയിനുകളും ഈ തുക ഉപയോഗിച്ച് സംഘടിപ്പിച്ചു. അതേസമയം, അജിനോമോട്ടയുടെ അംശം കൂടിയെന്ന പരാതിയെ തുടര്‍ന്ന് മാഗിയുടെ ഗുണേമേന്മാ പരിശോധന നടത്തിയതിന് പരസ്യത്തിന് ചെലവാക്കിയ തുകയുടെ അഞ്ചു ശതമാനം പോലും വേണ്ടി വന്നില്ല എന്നതാണ് ശ്രദ്ധേയം.

300 മുതല്‍ 450 കോടി വരെ പരസ്യത്തിനായി ചെലവിട്ടപ്പോള്‍ പരിശോധനയ്ക്ക് ചെലവായത് 12 മുതല്‍ 20 കോടി രൂപ വരെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജീവനക്കാര്‍ക്കായി ചെലവഴിച്ച തുകയില്‍ 75 ശതമാനത്തിന്റെ വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്.

2010 ല്‍ 433 കോടി ആയിരുന്നത് 2014 ല്‍ 733 കോടിയായാണ് ഉയര്‍ന്നത്. 2010 ല്‍ കമ്പനിയുടെ പരസ്യ പ്രചാരണ ചെലവുകള്‍ 302 കോടിയായിരുന്നു. 2014 ല്‍ അത് 47 ശതമാനം വര്‍ദ്ധിച്ച് 445 കോടിയായി. ഇതേ കാലയളവില്‍ ഗുണമേന്മാ പരിശോധനകളുടെ ചെലവ് 45 ശതമാനം വര്‍ദ്ധിച്ച് 13 കോടിയില്‍നിന്ന് 19 കോടിയിലെത്തി.

2010 ല്‍ യാത്രാച്ചെലവ് 54 കോടിയായിരുന്നത് 2014 ആയപ്പോള്‍ 27 ശതമാനം ഉയര്‍ന്ന് 68 കോടിയായി. പരിശീലനത്തിനുള്ള ചെലവ് 25 കോടിയില്‍ നിന്ന് 38 കോടിയാണ് ഇതേ കാലയളവില്‍ ഉയര്‍ന്നത്. വിപണിയിലെ ഗവേഷണത്തിനും മറ്റുമായി 2014ല്‍ 16 കോടിയാണ് ചെലവിട്ടത്.

നെസ്‌ലെയുടെ രണ്ടു മിനിട്ട് നൂഡില്‍സ് പരസ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ വന്‍ ഹിറ്റുകളായിരുന്നു. മാഗി നൂഡില്‍സ് ഓരോ വീടുകളിലേയും കുട്ടികള്‍ക്ക് പരിചിതവും പ്രിയപ്പെട്ടതുമായ പേരാകാന്‍ ഈ പരസ്യങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്ന് വിദഗ്ദര്‍ നിരീക്ഷിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.