1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2022

സ്വന്തം ലേഖകൻ: ലോകകപ്പ് ടൂർണമെന്റിനിടെ മികച്ച കലാ-സാംസ്‌കാരിക പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ആഗോള തലത്തിലുള്ള പ്രതിഭാധനരായ കലാകാരന്മാർക്ക് ക്ഷണം. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ആഗോളതലത്തിലുള്ള കലാകാരന്മാരെ ഖത്തറിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്ക് ഏറ്റവും മികച്ച സാംസ്‌കാരിക അനുഭവം സമ്മാനിക്കുന്നതിനാണ് കലാകാരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നത്. ലോകകപ്പിൽ മികച്ച കലാ, സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷ നൽകാം.

തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകൾക്ക് ആതിഥേയ രാജ്യമായ ഖത്തറിന്റെ ലോകകപ്പ് വിനോദ, സാംസ്‌കാരിക പരിപാടികളിൽ പങ്കാളികളാകാം. കായികത്തിനൊപ്പം കലയും സംസ്‌കാരവും പൈതൃകവും കോർത്തിണക്കിയുള്ള ലോകകപ്പിനാണ് ഖത്തർ തയാറെടുക്കുന്നത്.

ഒരു മാസം നീളുന്ന ഫിഫ ലോകകപ്പ് എല്ലാ അർത്ഥത്തിലും ഉജ്ജ്വലവും വർണാഭവുമാക്കുകയാണ് ലക്ഷ്യമെന്ന് സുപ്രീം കമ്മിറ്റി സ്റ്റേക്ക് ഹോൾഡർ റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ സുവൈദി വ്യക്തമാക്കി.

വിഷ്വൽ ആർട്‌സ്, ക്രാഫ്റ്റ്, പൈതൃകം, ഫാഷൻ, ഡിസൈൻ, പെർഫോർമൻസ് ആർട്‌സ്, നാടകം, സംഗീതം, സിനിമ തുടങ്ങിയ മേഖലകളിലുള്ള വൈവിധ്യവും പുതുമയുള്ളതുമായ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ള കലാകാരന്മാർക്ക് അപേക്ഷിക്കാം.

ലോകകപ്പ് സ്റ്റേഡിയം പരിസരങ്ങൾ, ഫിഫ ഫാൻ ഫെസ്റ്റിവൽ, ഫാൻ സോണുകൾ, കോർണിഷ് സ്ട്രീറ്റ് ആക്റ്റിവേഷൻ, എജ്യൂക്കേഷൻ സിറ്റിയിൽ ഡി റീഷ പെർഫോർമിങ് ആർട്‌സ് ഫെസ്റ്റിവൽ, മിഷ്‌റെബ്, മെട്രോ-ബസ് സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലായാണ് വിനോദ, കലാ, സാംസ്‌കാരിക പരിപാടികൾ നടക്കുക.

സുപ്രീം കമ്മിറ്റിയുടെ https://www.qatar2022.qa/en/opportunities/community-engagement/register-as-artist എന്ന ലിങ്കിൽ പ്രവേശിച്ച് അപേക്ഷ നൽകണം. അപേക്ഷയിൽ വ്യക്തിഗത വിവരങ്ങളും ബന്ധപ്പെടേണ്ട വിലാസവും വ്യക്തമായും കൃത്യമായും നൽകണം.

ഇതുവരെ അവതരിപ്പിച്ച കലാ, സാംസ്‌കാരിക പരിപാടികളുടെ വിശദാംശങ്ങൾ, പരിപാടികളുടെ ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫെയ്‌സ് ബുക്ക്, ലിങ്ക് ഡിൻ, ടിക്‌ടോക് ലിങ്കുകൾ എന്നിവയും നൽകണം. ലോകകപ്പിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കലാപരിപാടിയുടെ പ്രോപ്പസലും സബ്മിറ്റ് ചെയ്യണം.

തിരഞ്ഞെടുക്കപ്പെടുന്നവർ വിമാന ടിക്കറ്റ്,താമസം, വ്യക്തിഗത ചെലവുകൾ എന്നിവ സ്വന്തമായി തന്നെ എടുക്കണം. കലാകാരന്മാർക്ക് പ്രത്യേക നിരക്കിലുള്ള താമസ സൗകര്യങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: community@sc.qa എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.