1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2017

 

സ്വന്തം ലേഖകന്‍: രണ്ടു വര്‍ഷം മുമ്പ് കള്ളന്‍ അടിച്ചുമാറ്റിയ 1.22 ലക്ഷം രൂപ തിരിച്ചു കിട്ടി, പക്ഷെ കിട്ടിയതു മുഴുവന്‍ അസാധു! ദിനേഷ് ചന്ദ്ര ഗുപ്ത എന്നയാളാണ് ചിരിക്കണോ കരയണോ എന്നറിയാതെ 1.22 ലക്ഷം രൂപയുടെ അസാധുവായ നോട്ടുകെട്ടുകളുമായി തലയ്ക്ക് കൈകൊടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഗുപ്തയുടെ വസതിയില്‍ നിന്ന് മോഷണം പോയ പണത്തിന് പുറമെ സ്വര്‍ണവും തിരികെ ലഭിച്ചു. കോടതി നടപടികള്‍ക്ക് ശേഷമാണ് നഷ്ടപ്പെട്ട പണവും സര്‍ണവും തിരികെ ലഭിച്ചത്.

എന്നാല്‍ തിരികെ ലഭിച്ച 1.22 ലക്ഷം രൂപയും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായാണ്.ഗുപ്തയുടെ മൂത്ത മകളുടെ വിവാഹം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പണം അസാധു നോട്ടുകള്‍ മാറിക്കിട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ കനിവിന് കാത്തിരിക്കുകയാണ് ഗുപ്ത. തന്റെ നിസഹായാവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ക്കും റിസര്‍വ് ബാങ്കിനും കത്തെഴുതി കാത്തിരിക്കുകയാണ് ഗുപ്ത. തൊണ്ടി മുതലെന്ന നിലയില്‍ കോടതിയുടെ കസ്റ്റഡിയിലിരുന്ന തുക ഫെബ്രുവരി ഏഴിനാണ് ഗുപ്തയ്ക്ക് തിരികെ ലഭിച്ചത്.

തുടര്‍ന്ന് ഗുപ്ത കാനറ ബാങ്കിനെ സമീപിച്ചെങ്കിലും നോട്ട് മാറാനുള്ള സമയപരിധി അവസാനിച്ചതിനാല്‍ മാറാന്‍ കഴിഞ്ഞില്ല. റിസര്‍വ് ബാങ്കിനെ സമീപിക്കാനായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി. തങ്ങള്‍ നിസഹായരാണെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. പ്രവാസി ഇന്ത്യക്കാര്‍ക്ക് മാത്രമേ ഇപ്പോള്‍ അസാധു നോട്ടുകള്‍ മാറാന്‍ അനുമതിയുള്ളൂ. അതും റിസര്‍വ് ബാങ്ക് കൗണ്ടറില്‍ നിന്ന് മാത്രമേ മാറ്റാനാകൂ.

2015 ഡിസംബര്‍ 28നാണ് ഗുപ്തയുടെ വീട്ടില്‍ നിന്ന് 1.22 ലക്ഷം രൂപയും നഷ്ടപ്പെട്ടത്. ഗുപ്തയുടെ സഹോദരി സുനിതയുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ പോയ സമയത്താണ് മോഷണം നടന്നത്. ശവസംസ്‌കാര ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ മോഷണ സംഘം പിടിയിലാകുകയും അധികൃതര്‍ തൊണ്ടി മുതലായി പണവും സ്വര്‍ണവും കള്ളന്മാരുടെ പക്കല്‍നിന്ന് പിടിച്ചെടുക്കുകയുമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.